| Monday, 10th August 2026, 2:27 pm

കാലിന് വിശ്രമം! കൈ കൊണ്ട് ഗോളടിപ്പിച്ചു; ഫുട്‌ബോളിലെ വൈറല്‍ കാഴ്ച

സുദേവ് എ

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റ് നേടി ഇറാന്‍ താരം നാദര്‍ മുഹമ്മദി. റഷ്യയിലെ രണ്ടാം ഡിവിഷനിലെ ഒരു മത്സരത്തിലാണ് താരം അവിശ്വസനീയ അസിസ്റ്റ് നല്‍കിയത്. എസ്.കെ.എ ഖബറോവ്‌സ്‌കിനെതിരെയുള്ള മത്സരത്തിലാണ് സ്പാര്‍ട്ടക് കോസ്ട്രോമോയുടെ താരമായ നാദര്‍ സഹതാരത്തെകൊണ്ട് ഗോളടിപ്പിച്ചത്.

മത്സരത്തിനിടെ ലഭിച്ച ത്രോ ഒരു സോമര്‍സോള്‍ട്ട് (മറിഞ്ഞ് ചാടി) ചെയ്ത് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. പോസ്റ്റില്‍ നിന്നും പന്ത് സ്വീകരിച്ച സ്പാര്‍ട്ടക് താരം ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ അവിശ്വസനീയമായി ഗോള്‍ നേടുകയായിരുന്നു.

നാദറിന്റെ ത്രോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഇത്തരത്തില്‍ അസിസ്റ്റ് നല്‍കിയ അപൂര്‍വ താരങ്ങളെ ഫുട്‌ബോളില്‍ ഉണ്ടായിട്ടുള്ളൂ. 1990കളുടെ തുടക്കത്തില്‍ എസ്റ്റാണിയയുടെ റിസ്റ്റോ കല്ലാസ്റ്റെയും ന്യൂകാസില്‍ യുണൈറ്റഡിന്റെ സ്റ്റീവ് വാട്‌സണും ഇത്തരത്തില്‍ സമാനമായ ത്രോ നല്‍കിയിട്ടുണ്ട്.

നാദിര്‍ ഇതാദ്യമായല്ല കളിക്കളത്തില്‍ ഫ്‌ലിപ്പ് ത്രോ പരീക്ഷിക്കുന്നത്. 2021ലും താരം സമാനമായ രീതിയില്‍ ത്രോ നല്‍കിയിരുന്നു. എന്നാല്‍ അന്ന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഈ അസിസ്റ്റ് ശ്രമത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇറാനിലെ നിരവധി ക്ലബ്ബുകളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് നാദിര്‍. ട്രാക്ടര്‍, സോബ് അഹാന്‍, ഗോള്‍ ഗോഹര്‍ തുടങ്ങിയ ക്ലബ്ബുകളില്‍ പന്തുതട്ടിയ 29കാരന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രൊ ലീഗില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയിലാണ് നാദിര്‍ സ്പാര്‍ട്ടക് കോസ്ട്രോമോയിലെത്തുന്നത്. ഫ്രീ ട്രാന്‍സ്ഫറിലാണ് 29കാരന്‍ റഷ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയത്.

അതേസമയം മത്സരത്തില്‍ സ്പാര്‍ട്ടക് കോസ്ട്രോമോ വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. ഈ തകര്‍പ്പന്‍ ജയത്തോടെ ടീം രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

Content Highlight: Iranian player Nader Mohammadi has the best assist in football history

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more