| Wednesday, 29th April 2026, 9:25 pm

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

ആദര്‍ശ് എം.കെ.

ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം അലാവുദ്ദീന്‍ ബൊറൂജെര്‍ദി. മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരം ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ തങ്ങളുടെ പൂര്‍ണ സൈനിക ശേഷി ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നും പല യുദ്ധ തന്ത്രങ്ങള്‍ ഇനിയും പുറത്തെടുക്കാന്‍ ബാക്കിയുണ്ടെന്നും ഇറാന്‍ പാര്‍ലമെന്റിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ ബൊറൂജെര്‍ദി കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ നാവിക ഉപരോധം ഫലപ്രദമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവില്‍ 120ഓളം കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും ഇറാനിയന്‍ കപ്പലുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ഇതുവരെ ഞങ്ങളുടെ പുതിയ തന്ത്രങ്ങള്‍ പുറത്തെടുത്തിട്ടില്ല. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം വര്‍ഷങ്ങളുടെ യുദ്ധത്തിന് പര്യാപ്തമാണ്. നിലവിലുള്ള യു.എസിന്റെ നാവിക ഉപരോധം ഒന്നും ഫലപ്രദമല്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപം നിലവില്‍ 120 കപ്പലുകള്‍ ഗതാഗതത്തിനായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. മാത്രമല്ല യു.എസ് സേനയുടെ യാതൊരു ഇടപെടലുകളും ഇല്ലാതെ നിരവധി ഇറാനിയന്‍ കപ്പലുകള്‍ പ്രവര്‍ത്തനം തുടരുന്നുമുണ്ട്,’ ഇറാന്റെ സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിമിനോട് സംസാരിക്കുകയായിരുന്നു ബൊറൂജെര്‍ദി.

ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദാബ് കടലിടുക്ക് ഹോര്‍മുസ് കടലിടുക്ക് പോലെ തന്നെ തന്ത്രപരമായി പ്രാധാന്യമുള്ളതാണെന്നും അവിടത്തെ സംഭവവികാസങ്ങള്‍ സമുദ്ര പാതകളെയും ബാധിച്ചേക്കാമെന്നും മുതിര്‍ന്ന നിയമസഭാംഗം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിന് മേലുള്ള പരമാധികാരത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകില്ലെന്നും ഭാവി ചര്‍ച്ചകളിലും ഈ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ തള്ളിക്കളഞ്ഞ ബൊറൂജെര്‍ദി, അമേരിക്കയും ഇസ്രായേലും ശിക്ഷിക്കപ്പെടുന്നത് വരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി. ട്രംപിനെ ഇറാന്‍ വെറുതെ വിടില്ലെന്നും ബൊറൂജെര്‍ദി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന് പുറമെ ബാബ് അല്‍-മന്ദബ് കടലിടുക്കും തന്ത്രപ്രധാനമാണെന്നും അവിടുത്തെ സംഭവവികാസങ്ങള്‍ ആഗോള ഷിപ്പിങ് പാതകളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും ആണവ ചര്‍ച്ചകള്‍ മാറ്റിവെക്കുന്നതുമായ ഇറാന്റെ പുതിയ നിര്‍ദേശത്തില്‍ ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്

അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ അത്യാധുനിക ടാര്‍ഗെറ്റിങ് സംവിധാനങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇസ്‌ലമാിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നാവികസേനയുടെ പൊളിറ്റിക്കല്‍ അസിസ്റ്റന്റ് ഹമദ് അക്ബര്‍സാദെ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഏപ്രില്‍ എട്ടിന് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സമാധാന ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.

Content highlight: Iranian parliamentarian Alaeddin Boroujerdi says they have enough weapons to last for years of war

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more