| Tuesday, 24th March 2026, 10:44 am

ചര്‍ച്ച നടന്നെന്നത് കള്ളം, ട്രംപും നെതന്യാഹുവും നുണയന്മാര്‍; ജാഗ്രത വേണം: ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍ നിയമസഭാംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെങ്കില്‍  ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന ഇറാന്‍ നിയമസഭാംഗം.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ സൈനിക നടപടികളുമായി മുന്നോട്ടുപോയ യു.എസിന്റേയും ഇസ്രഈലിന്റേയും മുന്‍നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാഷിങ്ടണ്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന ചര്‍ച്ചകള്‍ വെറും ‘വഞ്ചന’യാണെന്നും യു.എസുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കണമെന്നും പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗവും സൈനിക മേധാവിയുമായ മേജര്‍ ജനറല്‍ എസ്മായില്‍ കൗസാരി വ്യക്തമാക്കി.

‘ചര്‍ച്ചകളെക്കുറിച്ച് അവര്‍ കള്ളം പറയുന്നത് ഇതാദ്യമല്ല. ട്രംപും നെതന്യാഹുവും അവരെപ്പോലുള്ളവരും സ്വതസിദ്ധമായി നുണയന്മാരാണ്’ കൗസാരി പറഞ്ഞു.

ഇറാന്റെ ഭരണനേതൃത്വത്തിനിടയിലുള്ള പരസ്പര വിശ്വാസം തകര്‍ക്കാനും ഭിന്നത സൃഷ്ടിക്കാനുമാണ് അമേരിക്കയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങളില്‍ അമേരിക്ക നിലപാട് മയപ്പെടുത്തുന്നതായും ഇത് അവരുടെ പിന്‍വാങ്ങലിന്റെ സൂചനയാണെന്നും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും അവകാശപ്പെട്ടു.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ കടുത്ത നിലപാടുകളില്‍ മാറ്റം വന്നതായി ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി സയീദ് ജലീലി പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യു.എസ് പിന്നോട്ട് പോകുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആദ്യം ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കണമെന്ന് അവര്‍ കര്‍ശനമായി ആവശ്യപ്പെട്ടു. പിന്നീട് കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും അകമ്പടി സേവിക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍ ഇപ്പോള്‍ ഇറാനുമായി സംയുക്തമായി കടലിടുക്ക് കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു.’പിന്‍വാങ്ങലിന് കാരണം ഇതുമാത്രമാണ് ഇറാന്റെ ശക്തി അമേരിക്കയെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു,’ ജലീലി പറഞ്ഞു.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനിലെ പവര്‍ പ്ലാന്റുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ സമയപരിധി നീട്ടിനല്‍കി.

സുപ്രധാനമായ ഈ കപ്പല്‍ പാതയിലെ തടസ്സങ്ങള്‍ ആഗോള വിപണിയെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ്, കടലിടുക്ക് താനും ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയും സംയുക്തമായി കൈകാര്യം ചെയ്യുമെന്ന പ്രസ്താവന ട്രംപ് നടത്തിയത്.

അതേസമയം മേഖലയിലെ സൈനിക മുന്‍തൂക്കം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലും, നയതന്ത്രപരമായ വിട്ടുവീഴ്ചകള്‍ക്ക് അമേരിക്ക തയ്യാറാകുന്നത് ഇറാന്റെ കരുത്തിന് മുന്നിലുള്ള കീഴടങ്ങലായാണ് ഇറാന്‍ വിലയിരുത്തുന്നത്.

Content Highlight: Iranian official cautions against talks, accuses US of deception

We use cookies to give you the best possible experience. Learn more