| Sunday, 5th July 2026, 8:12 am

'ഒറ്റയടിക്ക് എല്ലാവരെയും തീര്‍ക്കാമായിരുന്നു, പക്ഷേ ചര്‍ച്ചയ്ക്ക് ആളുവേണ്ടേ? ഖാംനഇയുടെ സംസ്‌കാര ചടങ്ങിനെ പരിഹസിച്ച് ട്രംപ്

ആദർശ് എം.കെ.

വാഷിങ്ടണ്‍: അമേരിക്ക-ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്‍ ഭരണകൂടത്തെ മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെട്ടത്. ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പ്രസ്താവന.

ഖാംനഇയുടെ വിലാപയാത്രയില്‍ ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒരുമിച്ചുണ്ടായിരുന്നുവെന്നും, അമേരിക്ക ആഗ്രഹിച്ചിരുന്നെങ്കില്‍ ഒരൊറ്റ നീക്കത്തിലൂടെ അവരെയെല്ലാം വധിക്കാമായിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

‘ഞാന്‍ ഖാംനഇയുടെ വിലാപയാത്ര കാണുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെയുള്ള എല്ലാവരെയും നമുക്ക് തുടച്ചുനീക്കാമായിരുന്നു,’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഇറാന്‍ നേതൃത്വത്തെ ഇല്ലാതാക്കാതിരുന്നത് അവരോടുള്ള ദയ കൊണ്ടല്ലെന്നും മറിച്ച് ഭാവിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആളുകള്‍ വേണം എന്നതുകൊണ്ട് മാത്രമാണ് ആക്രമിക്കാതിരുന്നത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും കൊന്നൊടുക്കിയാല്‍ പിന്നീട് ചര്‍ച്ച നടത്താന്‍ ആരുമുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വിലാപയാത്ര തീരുന്നതുവരെ ചര്‍ച്ചകള്‍ക്ക് ഒരാഴ്ചത്തെ ഇടവേള നല്‍കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും ഈ സമയത്ത് ഇരുപക്ഷത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വിലാപയാത്രയില്‍ പങ്കെടുത്തവര്‍ ഖാംനഇയെ ഓര്‍ത്ത് കരയുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു.

ജനങ്ങള്‍ക്ക് ഖാംനഇയോട് വെറുപ്പാണെന്നാണ് താന്‍ കരുതിയതെന്നും അതുകൊണ്ടുതന്നെ വിലാപയാത്രയിലെ കണ്ണീര്‍ ചിലപ്പോള്‍ കള്ളക്കണ്ണീര്‍ ആയിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

കൂടാതെ, അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൗണ്ട് റഷ്‌മോറില്‍ നടത്തിയ പ്രസംഗത്തില്‍, ‘ഞങ്ങള്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കി, അവര്‍ ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ നല്ലവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി അവര്‍ക്ക് ഒരാഴ്ചത്തെ അവധി നല്‍കിയത്’ എന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞിരുന്നു.

അതേസമയം, ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വികസന സഹായം വെട്ടികുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്ക മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് സമ്മര്‍ദം കാരണം 13 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Iranian leaders at Khamenei’s funeral could be taken out with a single shot: Trump

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more