| Tuesday, 17th March 2026, 3:29 pm

ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍

അനിത സി

ടെല്‍ അവീവ്: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍. കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് അവകാശപ്പെട്ടു.

ബാസിജ് ഫോഴ്‌സ് കമാന്‍ഡര്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഇസ്രഈല്‍ സേനയും നേരത്തെ അവകാശപ്പെട്ടിരുന്നു. സംഭവത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാന്റെ നേതാക്കള്‍ കൊല്ലപ്പെടുകയും അവരുടെ കഴിവുകള്‍ അവസാനിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇസ്രഈല്‍ സൈന്യം മിസൈല്‍ ശേഷികളെയും തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ച് ഇല്ലാതാക്കുന്നത് തുടരാന്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നും കാറ്റ്‌സ് ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

ലാരിജാനിയുടെ മരണം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇറാന് അതൊരു വലിയ തിരിച്ചടിയായിരിക്കും. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ആഘാതമായിരിക്കും ഈ കൊലപാതകം.

ഉന്നത സുരക്ഷഷാ ഉദ്യോഗസ്ഥനായ ലാരിജാനിയായിരുന്നു സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഇസ്രഈലിന്റെ നിരീക്ഷണം.

അതേസമയം, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് നേരെയും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് നേരെയും ആക്രമണം നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iranian intelligence chief Ali Larijani is killed says Israel

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more