| Tuesday, 16th June 2026, 10:19 am

ഗാലറിയിൽ 'മിനാബ് 168'; അമേരിക്കയുടെ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ഇറാൻ

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറാന്‍ ന്യൂസിലാന്‍ഡിനോട് സമനില വഴങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തിനിടെ ഗാലറിയില്‍ അമേരിക്കയുടെ ക്രൂരതയില്‍ മരണപ്പെട്ട മിനാബിലെ 168 സ്‌കൂള്‍ കുട്ടികളെ ഓര്‍മിപ്പിച്ചുകൊണ്ട് ഇറാന്‍ ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തിയത് ഏറെ ശ്രദ്ധേയമായി. ഇറാന്‍ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ ‘MINA 168’ എന്നെഴുതിയ ബാനറാണ് ആരാധകര്‍ കാണിച്ചത്.

ഫെബ്രുവരി 28നായിരുന്നു ഇസ്രഈല്‍-അമേരിക്ക സംയുക്ത മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിലെ 168 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നത്. 168 വിദ്യാര്‍ത്ഥികളുടെയും 2 അധ്യാപകരുടെയും മരണത്തിന് കാരണമായ ഈ ആക്രമണം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയല്ലെന്നായിരുന്നു ട്രംപിന്റെ വാദം. അമേരിക്കന്‍ സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ടോമഹാക്ക് ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തില്‍ ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം തെളിവുകളൊന്നും നിരത്താതെ തന്നെ ഇറാന്റെ കൈവശവും ടോമഹാക്കുകള്‍ ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നു അമേരിക്ക ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനുമേല്‍ ചാര്‍ത്തിയത്.

അതേസമയം ഏറെ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയിലാണ് ഇറാന്‍ ടീം അമേരിക്കയില്‍ ലോകകപ്പ് കളിക്കാനെത്തിയത്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ട പിന്‍വലിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ നേരത്തെ യാത്രയും താമസവും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തിയ നിരവധി ഇറാന്‍ ആരാധകര്‍ക്ക് ടീമിന്റെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.

വിസ നിയന്ത്രണങ്ങള്‍ക്ക് പുറമെ പരിശീലന സെക്ഷനുകളിലും ടീമിന് വെല്ലുവിളികളുണ്ടായിരുന്നു. മെക്‌സിക്കോയിലെ ടിജുവാനയില്‍ പരിശീലനം നടത്തുന്ന ഇറാന്‍ ടീമിന് മത്സരങ്ങള്‍ക്ക് മണിക്കൂറികള്‍ക്ക് മുമ്പ് മാത്രമേ അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇറാൻ ഫുട്ബോൾ ടീം. Photo: Sanjay Tirdiya/x.com

ഓരോ മത്സരത്തിനും ഒരു ദിവസം മുമ്പാണ് ഇറാന് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. മത്സരങ്ങള്‍ക്കായി മെക്‌സിക്കോയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയാണ് ഇറാനുള്ളത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് അസോസിയേഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകകപ്പില്‍ ജൂണ്‍ 22ന് ബെല്‍ജിയത്തിനെതിരെയാണ് ഇറാന്റെ അടുത്ത മത്സരം. ലോസ് ആഞ്ചലസ് തന്നെയാണ് വേദി.

Content Highlight: Iranian fans raise banners in memory of 168 schoolchildren in Minab who died in US atrocities

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more