| Wednesday, 25th November 2026, 3:27 pm

യു.എസ്-ഇസ്രഈൽ യുദ്ധങ്ങളിൽ എ.ഐ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഇറാൻ അംബാസഡർ

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അധിനിവേശ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയുധമാക്കുന്നതിനുമെതിരെ ഐക്യരാഷ്ട്ര സഭയിൽ മുന്നറിയിപ്പ് നൽകി ഇറാൻ അംബാസഡർ ഘോലാം ഹൊസൈൻ ദർസി.

2025 ജൂണിലും 2026 ഫെബ്രുവരിയിലും ഇറാനെതിരായ രണ്ട് ആക്രമണങ്ങളിൽ യു.എസും ഇസ്രഈലും എ.ഐ ഉപയോഗിച്ചതിനെയാണ് ഇറാൻ അംബാസഡർ വിമർശിച്ചത്.

ചൊവ്വാഴ്ച നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങൾ മനുഷ്യനെ സേവിക്കാനുള്ളതാണെന്നും അത് സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശത്തിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്നതിനോ അതുപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ എ.ഐ ഉപയോഗിക്കുന്നത് സംഘർഷം രൂക്ഷമാകാനും, തെറ്റായ ധാരണകൾക്കും, സാധാരണക്കാരുടെ മരണസംഖ്യ ഉയരാനും ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനെതിരായ യു.എസ് ഇസ്രഈൽ അക്രമണങ്ങളിൽ അത്യാധുനിക എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ചതിന്റെ റിപ്പോർട്ടുകളെടുത്ത് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്.

ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ അക്രമങ്ങളിൽ രഹസ്യാന്വേഷണ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും അക്രമിക്കേണ്ട കൃത്യമായ സ്ഥാനങ്ങൾ നൽകുന്നതിനുമായി ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ (Claude), പാലന്റിറിന്റെ ‘മേവൻ’ (Maven) എന്നിവയുൾപ്പടെയുള്ള സംവിധാനങ്ങൾ അമേരിക്ക ഉപയോഗിച്ചതായി റിപ്പോർട്ടുകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Iranian Ambassador condemns the use of AI in US-Israel wars

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more