| Wednesday, 18th June 2025, 5:28 pm

ഇറാന്‍ കീഴടങ്ങില്ല; ഇസ്രഈല്‍ ചെയ്തിരിക്കുന്നത് വലിയ തെറ്റ്; രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാംനഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: സമ്മര്‍ദത്തിന് വഴങ്ങി ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഇസ്രഈല്‍ ചെയ്തിരിക്കുന്നത് വലിയ തെറ്റാണെന്നും അലി ഖാംനഇ പറഞ്ഞു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇറാനെയും ഈ രാജ്യത്തെ ജനങ്ങളെയും ഞങ്ങളുടെ ചരിത്രത്തെയും കുറിച്ച് അറിയുന്ന ജ്ഞാനികള്‍ ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ല,’ ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

വലിയ തെറ്റ് ചെയ്തതുകൊണ്ട് തന്നെ ഇസ്രഈല്‍ അതിനനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും ഇസ്രഈല്‍ ഭരണാധികാരികളോട് ഇറാന്‍ ഒരു ദയയും കാണിക്കില്ലെന്നും അലി ഖാംനഇ കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആയത്തുല്ല ഖാംനഇയുടെ പ്രതികരണം.

ഖാംനഇ എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനോട് കീഴടങ്ങാന്‍ ട്രംപ് ആവശ്യപ്പെട്ടത്.

‘സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. എളുപ്പമുള്ള ലക്ഷ്യത്തിലാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ സാധാരണക്കാരെയും യു.എസ് സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ല. ഞങ്ങളുടെ ക്ഷമ തീര്‍ന്നുകൊണ്ടിരിക്കുകയാണ്,’ ട്രംപിന്റെ മുന്നറിയിപ്പ്.

ഇതിനുപിന്നാലെയാണ് ആയത്തുല്ല ഖാംനഇ കീഴടങ്ങില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഇസ്രഈലിനോപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ യു.എസിനും കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഖാംനഇ പ്രതികരിച്ചു.

അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാകുന്നതില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് ഇറാനെ ആക്രമിച്ചാല്‍ യെമനിലെ ഹൂത്തി വിമതസംഘം വീണ്ടും ചെങ്കടലില്‍ ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നത്.

ഇറാഖിലെയും സിറിയയിലെയും യു.എസ് താവളങ്ങള്‍ തകര്‍ക്കാന്‍ ഹൂത്തികള്‍ മുന്നിട്ടിറങ്ങുമെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. നേരത്തെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കണക്കിലെടുത്ത് മേഖലയിലെ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരുന്നു.

ഇറാനെതിരെ ആക്രമണമുണ്ടായാല്‍ അമേരിക്കന്‍ സൈനികരുടെ സുരക്ഷയില്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ യു.എസ് ആക്രമണം മുന്നില്‍ക്കണ്ട് ഇറാന്‍ ഇതിനകം തന്നെ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ കൂടുതലായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Iran will not surrender; Israel has made a big mistake: Khamenei

We use cookies to give you the best possible experience. Learn more