| Monday, 2nd March 2026, 8:21 pm

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

അനിത സി

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം നടത്തുകയാണെന്ന് ആരോപിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.

ഇറാന്‍-യു.എസ്, ഇസ്രഈല്‍ യുദ്ധം അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇറാനെ പോലുള്ള ഭരണകൂടത്തിന് ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്രംപിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

ജനങ്ങളുടെ ജീവനും ബെയ്‌റൂട്ടിലെ കാര്‍ സ്‌ഫോടനങ്ങള്‍, യു.എസ് കപ്പലുകള്‍ക്ക് നേരെയുള്ള റോക്കറ്റ് ആക്രമണങ്ങള്‍, യു.എസ് എംബസിയിലെ കൊലപാതകങ്ങള്‍, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും തെരുവുകളിലെ ബോംബുകള്‍ തുടങ്ങിയവക്ക് ധനസഹായം നല്‍കി ഇറാനിയന്‍ കുര്‍ദ് സേനയും ഐ.ആര്‍.ജി.സിയും ആയുധമാക്കുകയാണെന്ന് പീറ്റ് ആരോപിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് രണ്ട് ദിവസം മുമ്പ് ചരിത്രത്തിലെ ഏറ്റവും മാരകവും സങ്കീര്‍ണവുമായ വ്യോമാക്രമണമായ ഓപ്പറേഷന്‍ എപിക് ഫ്യൂരി ആരംഭിച്ചുവെന്നും പെന്റഗണിലെ വാര്‍ത്താസമ്മേളനത്തില്‍ പീറ്റ് ഹെഗ്‌സെത്ത് വിശദീകരിച്ചു.

‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ ഇത് ട്രംപിന്റെ കീഴില്‍ ഞങ്ങള്‍ അവസാനിപ്പിക്കുകയാണ്. അമേരിക്കക്കാരക്കെതിരായ ആയത്തുല്ലയുടെ മരണക്കൊതിക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യുകയാണ്. അമേരിക്കയെ എപ്പോഴും ഒന്നാമതെത്തിക്കുന്ന 47ാമത് പ്രസിഡന്റിന് 47 വര്‍ഷങ്ങള്‍ക്കിപ്പുറം ഇറാന്റെ യുദ്ധവിരുദ്ധ മനോഭാവത്തിന് അതിര്‍ത്തി തീര്‍ത്തു’, പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി ചര്‍ച്ചകള്‍ക്ക് ഞായറാഴ്ചയോടെ ഇറാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പിന്നീട്, നിലപാടില്‍ മാറ്റം വരുത്തി. യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ, പ്രതിരോധമന്ത്രി അമിര്‍ നാസിര്‍ സദെ, ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പുര്‍, സായുധ സേന മേധാവി റഹി മൗസവി തുടങ്ങിയ പ്രമുഖര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ജി.സി.സി രാജ്യങ്ങളിലുള്‍പ്പടെയുള്ള അമേരിക്കന്‍ സൈനികാ താവളങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇസ്രഈലിനെതിരായ തിരിച്ചടിയില്‍ ഹിസ്ബുല്ല ഒരു സൈനിക കേന്ദ്രം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Iran will not be allowed to have nuclear weapons; we will end this war: US Defense Secretary

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more