| Friday, 20th June 2025, 6:13 pm

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം തുടരും; ഇനി ആരുടേയും അനുമതി കാത്ത് നില്‍ക്കുന്നില്ല: ഇറാന്‍ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ചര്‍ച്ചകളും ഫലവത്താകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. അക്രമണം അവസാനിക്കാത്തിടത്തോളം ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും അവ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അരഗ്ച്ചി കൂട്ടിച്ചേര്‍ത്തു.

ചില രാജ്യങ്ങള്‍ ദിവസങ്ങളായി ഇറാനോട് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ അവരോടോക്കെ, തങ്ങള്‍ നയതന്ത്ര ചര്‍ച്ചയില്‍ ആയിരിക്കെ തന്നെയാണ് ആക്രമിക്കപ്പെട്ടതെന്നും ഇനി എന്ത് ചര്‍ച്ചയിലേക്ക് തിരികെ പോകണമെന്നാണ് അവര്‍ പറയുന്നതെന്നും അരഗ്ച്ചി ചോദിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഈ ആക്രമണത്തെ അപലപിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ആര്‍ക്കും വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവര്‍ക്ക് തന്നെ അത് വിശദീകരിക്കാനാവുന്നില്ല, ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക മാത്രമാണ് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രഈലിന്റെ പങ്കാളി യു.എസ് ആണെന്ന് ഇറാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ ഭരണകൂടത്തെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനെതിരായ കുറ്റകൃത്യത്തില്‍ പങ്കാളിയായ അമേരിക്കയുമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അരഗ്ചി പറഞ്ഞു. സമ്പുഷ്ടീകരണം തുടരാന്‍ ഇറാന്‍ ആരുടെയും അനുമതി തേടുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച്  മുസ്‌ലിം ബ്രദര്‍ഹുഡ് രംഗത്തെത്തിയിട്ടുണ്ട്. വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സയണിസ്റ്റ് അസ്തിത്വത്തെ നേരിടണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.

അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ പ്രാദേശിക ശക്തികളെ ദുര്‍ബലപ്പെടുത്തുക എന്ന ഇസ്രഈലിന്റെ ലക്ഷ്യമാണ് ഇസ്രഈലിന്റെതെന്നും ഫലസ്തീനെതിരെയുള്ള ആക്രമണത്തിന്റെ ഒരു പുതിയ ഘട്ടമാണിതെന്നും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് മേധാവി സലാ അബ്ദുള്‍ ഹഖ് ഇറാന്റെ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇയെ അഭിസംബോധനെ ചെയ്ത എഴുതിയ കത്തില്‍ വ്യക്തമാക്കി

Content Highlight: Iran will continue uranium enrichment; no longer waiting for anyone’s permission: Iranian Foreign Minister

We use cookies to give you the best possible experience. Learn more