ടെഹ്‌റാൻ: ഇറാനെതിരായ അമേരിക്കയുടെ ഏത് ആക്രമണത്തെയും സമഗ്ര യുദ്ധമായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ.
ആക്രമണത്തിന്റെ വ്യാപ്തിയോ സ്വഭാവമോ പ്രകാരം വേർതിരിക്കില്ലെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.എസ് യുദ്ധക്കപ്പലുകൾ, യുദ്ധ വിമാനങ്ങൾ, ഡിസ്ട്രോയറുകൾ എന്നിവ മിഡിൽ ഈസ്റ്റിൽ എത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.
യു.എസിന്റെ യുദ്ധ വിമാനങ്ങളും കപ്പലുകളും ആക്രമണ സംഘവും ഈ മേഖലയെ ലക്ഷ്യമാക്കുന്നതിനാൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സൈനിക സന്നാഹം ഒരു ഏറ്റുമുട്ടലിന് ഉദ്ദേശിച്ചുള്ളതല്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷെ ഞങ്ങളുടെ സൈന്യം ഏത് സാഹചര്യത്തിനും തയ്യാറാണ്,’ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇതുകൊണ്ടാണ് ഇറാൻ അതീവ ജാഗ്രതയിലാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്തവണ ഞങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും സമഗ്ര യുദ്ധമായി കണക്കാക്കും. ആക്രമിച്ചാൽ ഇറാൻ ശക്തമായി പ്രതികരിക്കും,’ അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാർ ഇറാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിച്ചാൽ തങ്ങൾ പ്രതികരിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനെ നേരിടാൻ യുദ്ധകപ്പലുകളുടെ കൂട്ടം അമേരിക്കയ്ക്കുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഏഷ്യ-പസഫിക്കിൽ നിന്ന് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ, നിരവധി ഡിസ്ട്രോയറുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള യു.എസ് യുദ്ധക്കപ്പലുകളടക്കം കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തന്നെ കൊല്ലാൻ ശ്രമിച്ചാൽ ഇറാനെ ഭൂലോകത്ത് നിന്നും തുടച്ചുനീക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി ഉയർത്തിയിരുന്നു.
Content Highlight: Iran warns US: No distinction made in nature of attack: Will consider it an all-out war