| Monday, 16th June 2025, 10:48 pm

ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണം; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പ്രദേശവാസികള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈന്യം എക്‌സിലൂടെ പുറത്ത് വിട്ട ഭൂപടത്തിലെ ബ്‌നെയ് ബ്രാക്ക് ഏരിയയിലുള്ള ജനങ്ങളോടാണ് ഒഴിഞ്ഞ് പോകാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ സൈന്യം ഈ പ്രദേശങ്ങളിലെ മിലിട്ടറി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും അത് നിങ്ങളുടെ ജീവന് ആപത്ത് ആയിരിക്കുമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

‘ടെല്‍ അവീവിലെ ബ്‌നെയ് ബ്രാക്ക് പ്രദേശത്തുള്ള എല്ലാ വ്യക്തികള്‍ക്കും അടിയന്തര മുന്നറിയിപ്പ്. അറ്റാച്ച് ചെയ്തിരിക്കുന്ന മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തുള്ളവര്‍ ഉടന്‍ ഒഴിഞ്ഞ് പോവുക.

വരും മണിക്കൂറുകളില്‍, ഇറാനിയന്‍ സായുധ സേന ടെല്‍ അവീവ് പ്രദേശത്ത് സമീപ ദിവസങ്ങളിലേതുപോലെ സൈന്യത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും,’ ഇറാന്‍ സൈന്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഇസ്രഈലി ചാനലായ ചാനല്‍ എന്‍ 12, നൗ 14 എന്നിവയുടെ ആസ്ഥാനം ഒഴിപ്പിക്കണമെന്നും ഇറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇസ്രഈലും സമാനമായി ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെഹാറാനിലെ വിദേശരാജ്യങ്ങളുടെ എംബസികളില്‍ നിന്നും ഇറാന്‍ സ്‌റ്റേറ്റ് ടി.വി ആസ്ഥാനത്ത് നിന്നടക്കം ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

‘വരും മണിക്കൂറുകളില്‍, ഐ.ഡി.എഫ് (ഇസ്രഈല്‍ സൈന്യം) ഇറാനിയന്‍ ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കും. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ,’ എന്നാണ് സൈന്യത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നത്.

അതേസമയം ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പ് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐ.ആര്‍.ഐ.ബി (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനം ഇസ്രഈല്‍ ആക്രമണത്തിനിരയായി. തത്സമയ ടെലിവിഷന്‍ പ്രക്ഷേപണം നടക്കുന്നതിനിടെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് അവതാരക രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്രഈല്‍ അധികൃതര്‍ പറഞ്ഞു.

ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെടുകയും 1,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനും വ്യക്തമാക്കി.

Content Highlight: Iran warns residents to evacuate Tel Aviv

We use cookies to give you the best possible experience. Learn more