| Monday, 22nd December 2025, 9:08 am

ജൂതവിരുദ്ധത വളർത്തുന്നതിന് ഇസ്രഈൽ വ്യാജ ആക്രമണങ്ങൾ നടത്തുന്നു: ഇറാൻ

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: യഹൂദ വിരുദ്ധത വളർത്തുന്നതിനായി ജൂതന്മാർക്കെതിരായ വ്യാജ ഇസ്രഈലി ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഇറാൻ.

വിദേശത്തുള്ള ജൂത സമൂഹങ്ങളെ ഇസ്രഈൽ ഭരണകൂടം സ്വയം ഉപദ്രവിക്കുകയും അവർക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്യുന്നെന്ന് ഇറാൻ സായുധ സേനയുടെ മേജർ ജനറൽ അബ്ദുൾറഹീം മൗസവി പറഞ്ഞു.

ജൂതവിരുദ്ധതയെ കുറിച്ചുള്ള ഭയം ജനിപ്പിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റിവേഴ്‌സ് മൈഗ്രേഷൻ തടയുന്നതിനും ആഭ്യന്തര പ്രക്ഷുബ്ധതയിൽ നിന്നും രക്ഷപെടുന്നതിനും സെമിറ്റിക് വിരുദ്ധത വളർത്തുന്നതിനും ഇസ്രഈൽ മറ്റു രാജ്യങ്ങളിലെ ജൂത സമൂഹത്തെയും അവരുടെ സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്നു,’ അബ്ദുൾറഹീം മൗസവി പറഞ്ഞു.

ഇസ്രഈലിനെ ഇരയായി ചിത്രീകരിക്കാൻ ഇസ്രഈൽ ഭരണകൂടം ഇതാദ്യമായല്ല ശ്രമിക്കുന്നതെന്നും മുൻകാലങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഒരു ജൂത പരിപാടിക്കിടെ അച്ഛനും മകനും ഉൾപ്പെടുന്ന രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെയും അദ്ദേഹം പരാമർശിച്ചു.

ഈ ആക്രമണത്തെ ഇറാൻ അപലപിച്ചിരുന്നു. ഭീകര ആക്രമണങ്ങളും കൂട്ടക്കൊലകളും എവിടെ നടന്നാലും നിയമവിരുദ്ധവും കുറ്റകരവുമായി അപലപിക്കപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞിരുന്നു.

അമേരിക്കയുടെയും ഇസ്രഈൽ ഭരണകൂടത്തിന്റെയും ക്രിമിനൽ സ്വഭാവം കഴിഞ്ഞ രണ്ട് വർഷത്തെ സംഭവങ്ങളിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെന്നും അബ്ദുൾറഹീം മൗസവി പറഞ്ഞു.

വഞ്ചകരും യുദ്ധക്കൊതിയന്മാരുമായ ശത്രുക്കൾ ഒരു അന്താരാഷ്ട്ര നിയമങ്ങളോ മാനുഷിക മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Iran warns of fake Israeli attacks on Jews to stoke anti-Semitism

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more