ടെഹ്‌റാന്‍: യു.എസ് പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധത്തെ വീണ്ടും അപലപിച്ച് ഇറാന്‍. യു.എസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് അന്താരാഷ്ട്ര നിയമം പ്രകാരം ഒരു അടിസ്ഥാനവുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘെയി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും എതിരായ നടപടിയാണ് യു.എസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്കെതിരായ യു.എസിന്റെ സാമ്പത്തിക യുദ്ധത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാന്‍ പരമോന്നത സുരക്ഷാ സമിതി സെക്രട്ടറി മൊഹ്‌സെന്‍ റെസായിയും പറഞ്ഞു. ‘യു.എസിന്റെ സാമ്പത്തിക യുദ്ധത്തില്‍ പങ്കാളികളാവരുതെന്ന് അയല്‍ രാജ്യങ്ങളോട് ഞങ്ങള്‍ പറയുന്നു. അവര്‍ അങ്ങനെ ചെയ്താല്‍ അവരെ ശത്രുക്കളായി കണക്കാക്കും,’ റെസായി പറഞ്ഞു.
ഇറാനെ ലക്ഷ്യമിട്ട് എകണോമിക് ഡി-ഡേ എന്ന പേരില്‍ സാമ്പത്തിക ഉപരോധം ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെയായിരിക്കും ഈ സാമ്പത്തിക ഉപരോധം.
ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമായിരിക്കും ഇറാനെതിരായതെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇറാന് ഏതെങ്കിലും തരം സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ എതിരെ ഉപരോധം ചുമത്തുമെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു.
യു.എസ് നീക്കത്തെ ചൈന ശക്തമായി അപലപിച്ചിരുന്നു. യു.എസിന്റെ നടപടികള്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ല എന്നായിരുന്നു ചൈന പ്രതികരിച്ചത്.
ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യാഴാഴ്ച ബീജിംഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ പങ്കാളികളായ കക്ഷികളോട് ഉത്തരവാദിത്തമുള്ള നടപടികള്‍ സ്വീകരിക്കാനും നയതന്ത്രപരവും രാഷ്ട്രീയവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനം ചൈനയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ സാരമായി ബാധിക്കുമെന്നുമുള്ള വിശകലനങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ഈ വിഷയത്തില്‍ ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇറാനിയന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒന്നാണ് ചൈന.
ഇതിനിടെ, ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തെ ഇറാന്‍ നേരത്തെ തള്ളിയിരുന്നു. അമേരിക്കന്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ ശ്രമമാണ് ഉപരോധ പ്രഖ്യാപനമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു. ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം യു.എസിന് കൂടുതല്‍ പരാജയം മാത്രമേ വരുത്തൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: Iran warns nearby nations against joining US ‘economic war’ efforts