ടെഹ്‌റാന്‍: അമേരിക്കയും ഇസ്രഈലും തങ്ങളുടെ രാജ്യത്തിനെതിരെ വീണ്ടും ആക്രമണം നടത്തിയാല്‍ ആയുധ നിര്‍മാണത്തിന് ഉതകുന്ന രീതിയിലേക്ക് അതിന്റെ സമ്പൂഷ്ടീകരണം ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ആണവ ആയുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ 90 ശതമാനത്തിലേക്ക് സമ്പൂഷ്ടീകരണം ഉയര്‍ത്തുമെന്നാണ് ടെഹ്‌റാന്റെ മുന്നറിയിപ്പ്.
‘ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ കൃത്യമായി അവലോകനം ചെയ്യും,’ ഇറാനിയന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ-ദേശീയ സുരക്ഷാ സമിതിയുടെ വക്താവായ ഇബ്രാഹിം റെസായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടയില്‍ യു.എസും ഇസ്രഈലും നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ ആണവ സൗകര്യങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ ശേഷി കര്‍ശനമായി പരിമിതപ്പെടുത്തുന്ന വിധം തകര്‍ക്കപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നതായി റോയ്‌ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച ഏകദേശം 400 കിലോഗ്രാം യുറേനിയത്തിന്റെ ഗതി ഇപ്പോഴും അവ്യക്തമാണ്. ആയുധനിര്‍മാണത്തിന് ഉതകും വിധമുള്ള 90 ശതമാനം സമ്പൂഷ്ടീകരണം എന്നത് ഒരു ചെറിയ സാങ്കേതിക ചുവടുവെപ്പ് മാത്രം അകലെയാണ്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ പ്രകാരം, ഈ ഉയര്‍ന്ന നിലയില്‍ സമ്പുഷ്ടീകരിച്ച യുറേനിയം (Highly Enriched Uranium, HEU) ശേഖരം നീക്കം ചെയ്യപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താല്‍ മാത്രമേ ഇറാന്റെ ആണവ പദ്ധതി ഗണ്യമായി തടസ്സപ്പെടുകയുള്ളൂ.
ഫെബ്രുവരി അവസാനം ആരംഭിച്ച സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ ആണവ വിഷയം ഒരു പ്രധാന തര്‍ക്കബിന്ദുവായി നിലകൊള്ളുന്നു.
ആണവ വിഷയങ്ങള്‍ പിന്നീടൊരു ഘട്ടത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ടെഹ്‌റാന്‍ നിലപാട് സ്വീകരിക്കുമ്പോള്‍, ഉയര്‍ന്ന നിലയില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം വിദേശത്തേക്ക് മാറ്റുകയും ആഭ്യന്തര സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയും ചെയ്യണമെന്നാണ് വാഷിങ്ടണ്‍ നിര്‍ബന്ധം പിടിക്കുന്നത്.
Content Highlight: Iran warns it will enrich uranium to weapons-grade if attacked