| Monday, 16th November 2026, 9:26 am

ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സൈബര്‍ ആക്രമണം: ഇസ്രഈലിന്റെ കെണിയില്‍ വീഴരുതെന്ന് ഇറാന്‍

ദേവിക ജയചന്ദ്രന്‍

ടെഹ്‌റാന്‍: ഇസ്രഈലിന്റെ കെണിയില്‍ വീഴരുതെന്ന് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐ.ആര്‍.ജി.സി). ഫ്രാന്‍സിലെ നൂറുകണക്കിന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങള്‍ തകര്‍ത്ത സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ഫ്രാന്‍സിന്റെ ആരോപണത്തിന് പിന്നാലെ ആണിത്.

ഇറാന്റ ഇലക്ട്രോണിക് വാര്‍ഫെയര്‍ ആന്‍ഡ് സൈബര്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന് കീഴിലുള്ള ഷാഹിദ് കാവെ എന്ന സൈബര്‍ വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് ഫ്രാന്‍സ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പരിഹാസ്യമാണെന്ന് വിശേഷിപ്പിച്ച ഐ.ആര്‍.ജി.സി വക്താവ് ഹൊസൈന്‍ മൊഹെബ്ബി, യൂറോപ്യന്‍ രാജ്യങ്ങളെ ഇറാനെതിരെ തിരിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനുമാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

‘സയണിസ്റ്റ് ഭരണകൂടത്തിന്റെ ഫാള്‍സ് ഫ്‌ലാഗ്(false flag) കെണിയില്‍ വീഴാതിരിക്കാന്‍ പാരിസ് ജാഗ്രത പാലിക്കണം,’ ശനിയാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മൊഹബ്ബി പറഞ്ഞു.

അമേരിക്കയെയും ഇസ്രഈലിനെയും പോലെ ഐ.ആര്‍.ജി.സി സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്നും മൊഹബ്ബി പറഞ്ഞു. സംഭവത്തില്‍ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തുമെന്നും യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ഇറാനുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുമെന്നും പാരിസ് അറിയിച്ചു.

d

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിദേശ രാജ്യങ്ങളുടെ നിയമവിരുദ്ധ നടപടികളില്‍നിന്ന് ദേശീയ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11, 12 തീയതികളിലെ രാത്രിയില്‍ ഫ്രാന്‍സിലെ 700ലധികം വ്യാപാര സ്ഥാപനങ്ങളിലെ ശീതീകരണ സംവിധാനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് തീപിടിത്തവും ഗുരുതരമായ നാശനഷ്ടങ്ങളും ഉണ്ടാവുകയും കോടിക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കള്‍ നശിച്ചതായും ഫ്രാന്‍സ് പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ശീതീകരണ വിഭാഗങ്ങള്‍ സാധാരണയായി നിയന്ത്രിക്കുന്നത് സ്‌റ്റോറിലെ മുഴുവന്‍ ഫ്രിഡ്ജുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന കണ്‍ട്രോള്‍ പാനലുകള്‍ വഴിയാണ്. ഇന്റര്‍നെറ്റ് വഴി ഇവ നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് എവിടെനിന്നും ഇവയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.

ഫ്രാന്‍സിലുടനീളമുള്ള പ്രമുഖ ഭക്ഷ്യവസ്തു വില്‍പനശാലകളിലെ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ച റെഫ്രിജറേറ്ററുകളെ ഈ വ്യാപകമായ ആക്രമണം ബാധിച്ചു.

Content Highlight: Iran warns France over supermarket cyberattack that they  should not  fall for Israel’s false  flag

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more