| Wednesday, 20th May 2026, 8:41 am

ഇറാൻ യുദ്ധം: അമേരിക്കയ്ക്ക് നഷ്ടമായത് 42 യുദ്ധ വിമാനങ്ങൾ; യു.എസ് കോൺഗ്രസ് റിപ്പോർട്ട് പുറത്ത്

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ഇറാനെതിരായ യു.എസ് – ഇസ്രഈൽ യുദ്ധത്തിൽ 40 ദിവസംകൊണ്ട് അമേരിക്കയ്ക്ക് കുറഞ്ഞത് 42 യുദ്ധവിമാനങ്ങളെങ്കിലും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പെന്റഗൺ, യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ്, പ്രതിരോധ മാധ്യമങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് യു.എസ് കോൺഗ്രസിനായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.

വിമാനങ്ങളുടെ നഷ്ട്ടം മാത്രം ഏകദേശം 260 കോടി ഡോളർ വരുമെന്നും റിപ്പോട്ടിൽ പറയുന്നു. എന്നാൽ യഥാർത്ഥ നഷ്ട്ടം ഇതിലും കൂടുതലായിരിക്കും എന്നാണ് വിലയിരുത്തൽ.

ഇറാനെതിരായ യുദ്ധത്തിലുണ്ടായ എല്ലാ സൈനിക നഷ്ടങ്ങളും പെന്റഗൺ പൂർണ്ണമായി കണക്കാക്കിയിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണെന്ന് ഒരു കോൺഗ്രസ് അംഗം പറഞ്ഞു.

തകർന്ന വിമാനങ്ങളിൽ യുദ്ധവിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, കോംബാറ്റ് റെസ്ക്യൂ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ ഉൾപെടും.

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതിനോടകം ഏകദേശം 39 വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യു.എസ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം എഡ് കേസ് അടുത്തിടെ സമാനമായ കണക്കുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു.

ദി വാർ സോൺ എന്ന പ്രതിരോധ വാർത്താ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഇറാനുമായുള്ള 40 ദിവസത്തെ യുദ്ധത്തിനിടയിൽ അമേരിക്കൻ വ്യോമസേന പതിമൂവായിരത്തോളം വിമാന സർവീസുകൾ നടത്തിയിട്ടുണ്ട്.

തകർക്കപ്പെട്ട വിമാനങ്ങൾക്ക് പകരമുള്ളവ നിർമിക്കണമെങ്കിൽ പ്രവർത്തനം നിർത്തിവച്ച പല ഉല്പാദന കേന്ദ്രങ്ങളും പുനരാരംഭിക്കേണ്ടി വരും ഈ ചിലവുകൾ പരിഗണിക്കുമ്പോൾ നഷ്ട്ടം ഇനിയും വർധിക്കുമെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിമാനം തകർന്നത് മൂലമുണ്ടായ നഷ്ടവും പകരം പുതിയത് നിർമിക്കുന്നതിനുള്ള ചിലവും കണക്കാക്കുമ്പോൾ ഇത് ഏകദേശം 700 കോടി ഡോളറിൽ അധികം വരും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഇതേത്തുടർന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ യുദ്ധത്തിലെ ആഘാതം ലോകമാകമാനം വ്യാപിച്ചു.

Content Highlight: Iran war: US loses 42 warplanes; US Congress report released

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more