ലണ്ടൻ: അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം തുടങ്ങിയതുമുതൽ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം മാറ്റമില്ലാതെ തുടർന്നതോടെ ഫോസിൽ ഇന്ധന – ആയുധ കമ്പനികളുടെ ലാഭത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ടുകൾ.
യു.എസും ഇറാനും തമ്മിലുള്ള യുദ്ധം മൂലം 1600 കപ്പലുകളും 20000 നാവികരും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനോടകം ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളർ കടന്നു. യൂറോപ്പിലെയും ഏഷ്യയിലെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കുമ്പോഴും ഈ യുദ്ധം വൻകിട കമ്പനികൾക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തതെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബി.പിയുടെ ഒന്നാം പാദത്തിലെ ലാഭം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ച് 3.2 ബില്യൺ ഡോളറിലെത്തി. 2023 ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ഉയർന്ന ലാഭമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ യുദ്ധത്തിന്റെ ആദ്യ മാസത്തിൽ പ്രമുഖ എണ്ണ, പാചക വാതക കമ്പനികൾ ഓരോ മണിക്കൂറിലും 30 മില്യൺ ഡോളറിലധികം ലാഭമുണ്ടാക്കിയതായി ക്ലൈമറ്റ് ചാരിറ്റി ഗ്ലോബൽ വിറ്റ്‌നസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചതുമൂലമുണ്ടായ ഇന്ധനക്ഷാമം കാരണം ജൂലൈ മുതൽ യു.കെയിലെ വീട്ടുപയോഗത്തിനുള്ള ഊർജ്ജ ബില്ലുകൾ പ്രതിവർഷം 406 ഡോളർ വരെ വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യം ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. ഇന്ത്യയിലടക്കം പല ലോകരാജ്യങ്ങളും ഈ ഇന്ധന പ്രതിസന്ധിയിൽ വലയുന്നുണ്ട്.
യുദ്ധം ആരംഭിച്ചതോടെ ബി.പി, ഷെൽ തുടങ്ങിയ വൻകിട എണ്ണ – പ്രകൃതി വാതക കമ്പനികളുടെ ലാഭം റെക്കോർഡിലെത്തി. ആദ്യ മാസത്തിൽ മാത്രം ഈ കമ്പനികൾ മണിക്കൂറിൽ 30 മില്യൺ ഡോളറിലധികം ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ട്. കമ്പനികളുടെ ഓഹരി മൂല്യത്തിലും, ഉടമകുളുടെ വ്യക്തിഗത വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.
യുദ്ധത്തിലൂടെ പ്രതിരോധ മേഖലയിലെ കമ്പനികൾക്കും വലിയ ലാഭമുണ്ടാതായും റിപ്പോർട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാർ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ ഓഹരി വില 2026 ന്റെ തുടക്കം മുതൽ ഏകദേശം 40 ശതമാനത്തോളം വർധിച്ചു. നിലവിലെ അനിശ്ചിതത്വങ്ങളും യുദ്ധഭീതിയും ഇത്തരത്തിലുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകുമെന്നും നിരീക്ഷണങ്ങളുണ്ട്.
ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനച്ചെലവ് കൂടുന്നത് കൊണ്ടല്ല, മറിച്ച് സാഹചര്യം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ കഴിയുന്നത് കൊണ്ടാണ് ഈ കമ്പനികൾ വില വർദ്ധിപ്പിക്കുന്നതെന്ന് ഫ്യൂവൽ പോവർട്ടി ആക്ഷൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിലൂടെ വൻ ലാഭം കൊയ്യുമ്പോഴും ഈ കമ്പനികൾക്ക് സർക്കാർ സബ്സിഡികൾ ലഭിക്കുന്നത് തുടരുന്നു എന്നത് വൈരുദ്ധ്യമാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Iran war: Oil and arms companies see record increase in revenue, report says