| Sunday, 30th August 2026, 11:16 pm

ഇറാന്‍ നാവികസേന ഇപ്പോഴും ജീവനോടെയുണ്ട്; ട്രംപിന്റെ അവകാശവാദത്തിനെതിരെ ഇറാന്‍ നാവിക സേന കമാന്‍ഡര്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഇറാന്റെ നാവികസേന ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അതിന് പ്രശ്‌നങ്ങളില്ലെന്നും ഇറാന്‍ നാവിക സേന കമാന്‍ഡകര്‍ ഷഹ്റാം ഇറാനി. ഇറാന്‍ നാവിക സേനയുടെ എല്ലാ കപ്പലുകളും നശിപ്പിക്കപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി അവകാശപ്പെടുന്നതിനിടെയാണ് ഇറാന്‍ നാവിക കമാന്‍ഡറുടെ പ്രതികരണം.

ഇറാന്റെ നാവികസേന ‘ജീവനോടെയും സുഖത്തോടെയും’ ഉണ്ടെന്ന് ഷഹ്റാം ഇറാനി പറഞ്ഞതായി ഇറന്‍ ഓദ്യോഗിക ടെലിവിഷനായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ പ്രതിരോധിക്കാനും രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിലനിര്‍ത്താനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഷഹ്‌റാം ഇറാനി പറഞ്ഞു.

ഇറാന്‍ സൈന്യത്തിനെതിരെ യു.എസ് തെറ്റായ കണക്കുകൂട്ടലുകളാണ് നടത്തിയതെന്ന് വടക്കന്‍ നഗരമായ റാഷ്ടില്‍ നാവിക ഉദ്യോഗസ്ഥരുടെ ഒരു സമ്മേളനത്തില്‍ ഷഹ്‌റാം ഇറാനി പറഞ്ഞതായി പ്രസ് ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. നാവികരെ ലക്ഷ്യമിടുന്നത് സേനയുടെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുമെന്ന് ശത്രു വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഗുരുതരമായ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തുകയാണെന്ന് ഇറാനി പറഞ്ഞു.

‘ഇറാന്‍ ജനതയുടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനയുടെയും ആത്മാവും ദൃഢനിശ്ചയവും വിലയിരുത്തുന്നതില്‍ ശത്രു തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി,’ ഇറാനി പറഞ്ഞു.

ഇറാന്റെ നാവിക സേനയും വ്യോമസേനയും അടക്കം ഇല്ലാതായിട്ടുണ്ടെന്ന തരത്തില്‍ അടുത്തിടെ ട്രംപ് പല തവണ പ്രസ്താവനകള്‍ നടത്തിയിരുന്നു.’അവര്‍ക്ക് നാവികസേനയില്ല, അവര്‍ക്ക് വ്യോമസേനയില്ല, അവരുടെ ശേഷിക്കുന്ന സൈനികര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല,’ എന്നാണ് അടുത്തിടെ ട്രംപ് ഇറാനെക്കുറിച്ച് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്

‘ ഐ.ആര്‍.ജി.സി. നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയും അഭയം തേടി ഓടുകയും ചെയ്യുകയാണ്. അവരുടെ നേതൃത്വം അനിശ്ചിതത്വത്തിലാണ്, ഏറ്റവും കടുത്ത തരത്തില്‍!

അവര്‍ക്ക് പണമില്ല. അവര്‍ക്കുള്ളത് വ്യാജ വാര്‍ത്തകളും 300 ശതമാനം വിലക്കയറ്റമുണ്ടാവുന്ന അവസ്ഥയും മാത്രമാണ്. അത് കൂടുതല്‍ വഷളാവുകയും ചെയ്യുന്നു!’ എന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

Content Highlight: Iran war live: Iran says navy ‘alive and well’ after Trump’s claims

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more