| Friday, 20th November 2026, 10:22 pm

ഇറാനുമായുള്ള യുദ്ധം യു.എസ് ആയുധ ക്ഷാമം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു; സര്‍ക്കാരിന്റെ പഠനം

റെന്വര്‍ പി

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം യു.എസ് ആയുധ ശേഖരത്തിലെ ക്ഷാമം തുടര്‍ച്ചയായ ക്ഷാമം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യു.എസ് സര്‍ക്കാരിന്റെ പഠനം. രാജ്യത്ത് ആയുധക്ഷാമം ഇല്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവകാശവാദത്തിന് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതാണ് ഈ പഠനം. കൈവശമുള്ള ആയുധ ശേഖരം പുനസ്ഥാപിക്കുന്നതിനായി പെന്റഗണിന് സമഗ്രമായ ഒരു പദ്ധതിയില്ലെന്നും ട്രംപ് ഭരണകൂടം വിലയിരുത്തിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധ വകുപ്പിന് ആയുധശേഖരം മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്രമായ ഒരു പദ്ധതിയില്ലെന്നും, അത്തരമൊരു കര്‍മ്മപദ്ധതിക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് സ്വതന്ത്ര ഏജന്‍സിയായ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജി.എ.ഒ) തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പറയുന്നത്.

ആയുധ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശേഖരം പുനസ്ഥാപിക്കുന്നതും അതീവ സങ്കീര്‍ണമായ ഒരു വെല്ലുവിളിയാണ്. ഇതിന് പ്രതിരോധ വകുപ്പിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പരിഹാരം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ആയുധക്ഷാമം പരിഹരിക്കാന്‍ പ്രതിരോധ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ കുറവുകള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുന്ന സാഹചര്യമല്ല ഉള്ളത്,’ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈലുമായി ചേര്‍ന്ന് ട്രംപ് ഭരണകൂടം ആരംഭിച്ച ഇറാന്‍ യുദ്ധം, അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ടോമഹാക്ക് ക്രൂയിസ് മിസൈലുകള്‍, പാട്രിയോട്ട് ഇന്റര്‍സെപ്റ്ററുകള്‍, മറ്റ് അത്യാധുനിക ആയുധങ്ങള്‍ എന്നിവയുടെ ശേഖരം ഗണ്യമായി കുറച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മറ്റ് ഉന്നത യു.എസ്. ഉദ്യോഗസ്ഥരും ഈ റിപ്പോര്‍ട്ടുകളെ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

Content Highlight: Iran war has worsened U.S. munitions shortage, government watchdog finds

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more