| Thursday, 26th March 2026, 9:19 am

ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ ക്ഷണിച്ചു; താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി: അവകാശവാദവുമായി ട്രംപ്‌

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാന്‍ അമേരിക്കയുമായി കരാറിന് അതിയായി ആഹ്രഹിക്കുന്നുവെന്നും എന്നാല്‍ അത് തുറന്ന് പറയാന്‍ അവര്‍ ഭയക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഒരു സമാധാന കരാറിന് സമ്മതിച്ചാല്‍ സ്വന്തം ജനതയാലോ അല്ലെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചടിയാലോ കൊല്ലപ്പെടുമെന്ന് ഇറാന്‍ ഭയപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെയും ഇസ്രഈലിന്റെയും നീക്കങ്ങള്‍ ഇറാന്റെ സൈനിക ശേഷിയെ തകര്‍ത്തുവെന്നും അവര്‍ ഇപ്പോള്‍ പരാജയത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരണ പരിപാടിയില്‍വെച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.

ഇറാനുമായി നിലവില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ ഇപ്പോള്‍ വലിയ സമ്മര്‍ദത്തിലാണെന്നും അവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് കരാറിന് തയ്യാറായില്ലെങ്കില്‍ നരകം അഴിച്ചുവിടുമെന്ന് മുന്നറിയിപ്പും ട്രംപ് ആവര്‍ത്തിച്ചു.

പരമോന്നത നേതാവാന്‍ ഇറാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടുവെന്നും പക്ഷേ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

നിലവിലെ യാഥാര്‍ത്ഥ്യം ഇറാന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമായ ആഘാതം നേരിടേണ്ടിവരുമെന്നാണ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പ്രതികരിച്ചത്.

അതേസമയം അമേരിക്കന്‍ വാദങ്ങള്‍ ഇറാന്‍ തള്ളി. സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

നിലവില്‍, പ്രതിരോധത്തിന്റെ തുടര്‍ച്ചയാണ് ഞങ്ങളുടെ നയമെന്നാണ് അരാഗ്ചി സ്റ്റേറ്റ് ടിവിയില്‍ പ്രതികരിച്ചത്. അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നത് പരാജയം സമ്മതിക്കലാണ്. ഇറാന്‍ മുന്നോട്ടു വച്ച 5 നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഉപാധികള്‍ ഇറാന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ 5 നിബന്ധനകളാണ് മുന്നോട്ട് വച്ചത്

ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.

Content Highlight: Iran wants deal, but is afraid to speak up: Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more