| Wednesday, 4th March 2026, 6:36 pm

ഇറാന്‍-യു.എസ് സംഘര്‍ഷം: പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ ഒഴിപ്പിച്ചു: ട്രംപ്

അനിത സി

വാഷിങ്ടണ്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ ഒഴിപ്പിച്ചെന്ന് യു.എസ്. പശ്ചിമേഷ്യയില്‍ ഇനിയും തുടരുന്ന യു.എസ് പൗരന്മാരുണ്ടെ
ങ്കില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.

കഴിഞ്ഞദിവസം, യു.എ.ഇ, ജോര്‍ദാന്‍, സൗദി അറേബ്യ, എന്നിവിടങ്ങളില്‍ നിന്നും അമേരിക്കക്കാരെ ഒഴിപ്പിക്കാന്‍ യു.എസ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയച്ചിരുന്നു.

കൂടാതെ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇസ്രഈല്‍, കുവൈത്ത്, ലെബനന്‍, ഒമാന്‍, സിറിയ, യെമന്‍ തുടങ്ങിയ 14 പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉടനെ അമേരിക്കക്കാര്‍ മടങ്ങണമെന്നും യു.എസ് അറിയിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ട്രംപ് പ്രഖ്യാപിച്ച സൗജന്യമായ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് അമേരിക്കന്‍ പൗരന്മാര്‍.

നിലവില്‍ ഇസ്രഈലിലുള്ള അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനായി ഒന്നും ചെയ്യാനാകില്ലെന്ന് ചൊവ്വാഴ്ച ഇസ്രഈലിലെ അമേരിക്കന്‍ എംബസി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

ഈ സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനോ ഇസ്രഈലില്‍ നിന്നും പുറത്തുകടക്കുന്നതിനായി സഹായം നല്‍കാനോ സാധിക്കില്ലെന്ന് എംബസി പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

പൗരന്മാര്‍ സ്വന്തം നിലയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സഹായങ്ങള്‍ തേടണമെന്നും രാജ്യാതിര്‍ത്തി കടക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നേരത്തെ ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് കുവൈറ്റിലെയും സൗദി അറേബ്യയിലെയും എംബസികള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചിട്ടിരുന്നു.

ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ ഇറാനില്‍ മാത്രം 800ലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

Content Highlight: Iran-US conflict: More than 9,000 Americans evacuated from Middle East: Trump

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more