ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു.എ.ഇയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍.
വ്യാജ അവകാശവാദങ്ങള്‍ക്കും കെട്ടിച്ചമച്ച കഥകള്‍ക്കും പിന്നില്‍ ഒളിച്ചിരുന്ന് സ്വന്തം ആക്രമണ സ്വഭാവം മറച്ചുവെക്കാന്‍ യു.എ.ഇക്ക് കഴിയില്ലെന്ന് ഇറാന്‍ അന്താരാഷ്ട്രകാര്യ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.
യു.എ.ഇ ഇറാനെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യ-അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ടെന്നും, ആക്രമണത്തില്‍ യു.എ.ഇ നേരിട്ട് പങ്കെടുത്തതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്‍ ഒരു ആക്രമണകാരിയാണെന്ന യു.എ.ഇ വിദേശകാര്യ മന്ത്രി ഖലീഫ ബിന്‍ ഷഹീന്‍ അല്‍ മാരാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഗരീബാബാദി യു.എ.ഇയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രഈല്‍ സഖ്യം ആരംഭിച്ച യുദ്ധത്തിനെതിരെ ഇറാന്‍ നടത്തിയത് നിയമപരമായ സ്വയം പ്രതിരോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നമ്മള്‍ കഴിവുള്ള, അഭിമാനമുള്ള ഒരു രാഷ്ട്രമാണ്. അയല്‍രാജ്യമായ യു.എ.ഇയുടെ പങ്കാളിത്തത്തോടെ നമ്മുടെ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത് നോക്കിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. യു.എ.ഇയിലെ യു.എസ് ബേസ് സൗകര്യങ്ങളെ ലക്ഷ്യം വെക്കുകയല്ലാതെ ഇറാന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു’, കാസിം ഗരീബാബാദി പറഞ്ഞു.
ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യു.എ.ഇ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ണും സൗകര്യങ്ങളും ആക്രമണകാരികള്‍ക്ക് വിട്ടുനല്‍കിയാല്‍, രാജ്യത്തെ പ്രതിരോധിക്കാന്‍ ആ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യു.എ.ഇയുടെ സഹായത്തോടെ നടന്ന ആക്രമണങ്ങളില്‍ ഇറാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളും അദ്ദേഹം യോഗത്തില്‍ നിരത്തി.
ഇറാനിലെ 130,000 സിവിലിയന്‍ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.4,000-ത്തിലധികം നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ടു, അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ നിന്ന് പറന്നുയര്‍ന്ന ഓരോ യുദ്ധവിമാനത്തിന്റെയും സമയം, തീയതി, പാത എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇറാന്‍ ശേഖരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ നിയമപരമായും അന്താരാഷ്ട്ര തലത്തിലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇറാന്‍ അറിയിച്ചു.
500ലധികം പേജുകളുള്ള 120 ഓളം ഔദ്യോഗിക നയതന്ത്ര കുറിപ്പുകള്‍ ഇതിനകം യു.എന്‍ സുരക്ഷാ കൗണ്‍സിലിന് ഇറാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇയുടെ പങ്കാളിത്തം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Iran to UAE: Hiding behind false claims is not possible, you are an aggressor