ടെഹ്‌റാന്‍: യു.എസ് ഡോളറിന് പകരം ചൈനീസ് യുവാന്‍ ഉപയോഗിച്ച് വ്യാപാരം നടത്തുന്ന എണ്ണ കപ്പലുകളെ ഹോര്‍മുസിലൂടെ കടത്തിവിടാനൊരുങ്ങി ഇറാന്‍.
ആദ്യമായാണ് ഒരു രാജ്യം യുദ്ധമുറയുടെ ഭാഗമായി ഡോളറിനെ ഉന്നം വെക്കുന്നതെന്നാണ് നീരിക്ഷകര്‍ പറയുന്നത്. ഇറാന്‍ ഇപ്പോള്‍ തന്നെ ചൈനയുമായി ഇടപാട് നടത്തുന്നത് യുവാനിലാണ്. ഇന്ത്യയില്‍ നിന്ന് ഈടാക്കുന്നത് രൂപയുമാണ്.
ഹോര്‍മുസിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് ഇറാന്‍ പുതിയ പദ്ധതികള്‍ രൂപികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലിലെ എണ്ണയിലെ വില നിശ്ചയിക്കുന്നതും പണം നല്‍കുന്നതും ചൈനീസ് യുവാനിലാണെങ്കില്‍ ഹോര്‍മുസ് വഴി സുരക്ഷിതമായി കടന്നുപോവാമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഡോളറിനുള്ള സ്വാധീനം കുറയ്ക്കാനുള്ള ഇറാന്റെ പുതിയ പദ്ധതിയാണിത്
ലോക എണ്ണ ഉത്പാദനത്തിന്റെ ഏതാണ്ട് മുപ്പത് ശതമാനം വില്പന നടത്തുന്ന പേര്‍ഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ ഇതംഗീകരിച്ച് വില്‍പന ഡോളറില്‍ നിന്ന് യുവാനിലേക്ക് മാറ്റിയാല്‍ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1971ല്‍ കീസിംങര്‍ സൗദി രാജാവുമായിട്ട് പെട്രോള്‍ – ഡോളര്‍ ഉടമ്പടി ഉണ്ടാക്കിയശേഷം അറബ് രാജ്യങ്ങള്‍ എണ്ണ മുഴുവന്‍ വിറ്റുകൊണ്ടിരുന്നത് ഡോളറിലാണ്.
എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇതിനുവേണ്ടി ഡോളര്‍ സമ്പാദിച്ചേ മതിയാകൂ. അറബ് രാജ്യങ്ങളാകട്ടെ, തങ്ങള്‍ക്ക് കിട്ടുന്ന ഡോളര്‍ മുഴുവന്‍ അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്. പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള ഡോളറിന്റെ ഈ ഡിമാന്റ് ഡോളറിന്റെ ആഗോള മേധാവിത്വം നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഏതാണ്ട് 50 ശതമാനം വിദേശ കരുതല്‍ ശേഖരം ഇപ്പോഴും ഡോളറിലാണ്. ഏതാണ്ട് 80 ശതമാനം വിദേശ വിനിമയവും ഡോളറിലാണ്.
അമേരിക്കയുടെ സാമ്പത്തികശക്തിയുടെ പ്രധാന ഏജന്‍സി ഡോളര്‍ നാണയ വ്യവസ്ഥയാണ്.
എന്നാല്‍ അമേരിക്കയുടെ ഈ മേധാവിത്വത്തെയെല്ലാം ലക്ഷ്യമിട്ടുകൊണ്ടാണ് ഇറാന്റെ പുതിയ നിയന്ത്രണം.
ഇത് നടപ്പിലായാല്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഡോളര്‍ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കുമെന്നാണ് നിരീക്ഷണം.
കാലങ്ങളായി രാജ്യാന്തര എണ്ണ ഇടപാടുകള്‍ യുവാനിലേക്ക് മാറ്റാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ക്രൂഡ് ഓയില്‍ വാങ്ങാന്‍ യുവാന്‍ സ്വീകരിക്കാന്‍ സൗദിയെ അടക്കം ചൈന ബന്ധപ്പെട്ടിരുന്നു.
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് തുറമുഖം അടച്ചിരുന്നു. എന്നാല്‍ ശത്രു രാജ്യങ്ങള്‍ക്കും അവരുടെ സഖ്യ കക്ഷികള്‍ക്കും മാത്രമാണ് ഹോര്‍മുസ് അടച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഹോര്‍മുസിലൂടെയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ രാജ്യാന്തര എണ്ണ വില 100 ഡോളറിന് മുകളില്‍ തുടരുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലടക്കം വലിയ ഇന്ധന ക്ഷാമമാണ് നേരിടുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ വില്‍പനയ്ക്ക് പുതിയ വഴികള്‍ തേടേണ്ട അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പദ്ധതിയെന്നതും ശ്രദ്ധേയമാണ്.
Content Highlight: Iran to allow ships trading in yuan through Hormuz, first time a country uses dollar as a war tactic