| Friday, 23rd October 2026, 12:23 pm

യു.എസോ ഇസ്രഈലോ തങ്ങളെ ആക്രമിച്ചാല്‍ ഗള്‍ഫില്‍ എ.ഐയും ഇന്റര്‍നെറ്റും മുടക്കുന്ന തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ യു.എസിന്റെയോ ഇസ്രഈലിന്റെയോ ഭാഗത്ത് നിന്ന് പുതിയ ആക്രമണുണ്ടായാല്‍ ഗള്‍ഫിലെ ഏഴ് രാജ്യങ്ങളിലെയും എണ്ണ കേന്ദ്രങ്ങളെയും ഡാറ്റാ സെന്ററുകളെയും ആക്രമിക്കുമെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി.

ഈ ഏഴ് രാജ്യങ്ങളിലെ ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളെയും ആക്രമിക്കും. ഇതിന് പുറമെ ഈ രാജ്യങ്ങളിലെ എല്ലാ എ.ഐ സംവിധാനങ്ങളെയും ഇന്റര്‍നെറ്റിന് വേണ്ടിയുള്ള കടലിനടിയിലെ കേബിളുകളെയും തകര്‍ക്കുമെന്നും റെസായി പറഞ്ഞു.

‘ഒരു യുദ്ധമുണ്ടായാല്‍, കേബിളുകള്‍, ഡാറ്റാ സെന്ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യങ്ങള്‍ എന്നിവയും ലക്ഷ്യമിടും. വീണ്ടും സംഘര്‍ഷം വന്നാല്‍, ഞങ്ങള്‍ക്ക് വിശാലമായ ഒരു പദ്ധതി ഉണ്ടാകും,’ എന്ന് റെസായി പ്രഖ്യാപിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെ ആക്രമിക്കുന്ന കാര്യം ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തത്വത്തില്‍ അംഗീകരിച്ചിരുന്നെന്നും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫിന്റെ ഉപദേഷ്ടാവായ മെഹ്ദി മുഹമ്മദിയും പറഞ്ഞു. അവര്‍ ആസൂത്രണം ചെയ്ത ആക്രമണത്തിന് വിജയം ഉറപ്പാക്കാന്‍ പറ്റില്ലെന്നും മുഹമ്മദി പറഞ്ഞിരുന്നു.

‘അടുത്ത സംഘര്‍ഷത്തെ നിലനില്‍പിനെ ബാധിക്കുന്ന ഒരു ഭീഷണിയായി ഞങ്ങള്‍ കാണുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ യുദ്ധം നിലനില്‍പ്പിന് ഒരു ഭീഷണിയാണ്. ഇനി അപായങ്ങള്‍ വേണ്ട എന്നതാണ് തങ്ങളുടെ തന്ത്രം,’ മുഹമ്മദി പറഞ്ഞു.

സംഘര്‍ഷം എത്ര നീളുമോ എവിടെയെല്ലാം വ്യാപിക്കുമോ എന്നതിന്റെ മാനങ്ങള്‍ ഞങ്ങള്‍ തകര്‍ത്തു. ശത്രു കരുതുന്നതിനേക്കാള്‍ കൂടുതലായിരിക്കും യുദ്ധം നീളുകയും വ്യാപിക്കുകയും ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ പുതിയ യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിനു സാധ്യതയുണ്ടെന്ന തരത്തില്‍ യു.എസ് മാധ്യമങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇറാനുമായുള്ള യുദ്ധത്തിലെ ലക്ഷ്യസ്ഥാനങ്ങളുടെ വിശദമായ പട്ടിക യു.എസ് സൈനിക ഉപദേഷ്ടാക്കള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാനെതിരെ യു.എസ് അതിശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമേലുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാന്‍ യു.എസിന് കഴിയുമെന്നും അവകാശപ്പെട്ടതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ യുഎസ് പ്രസിഡന്റുമാര്‍ ചെയ്യേണ്ടിയിരുന്ന നടപടികളാണ് താന്‍ സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. തന്റെ ഈ സമീപനത്തെ ചിലര്‍ എതിര്‍ത്തേക്കാമെങ്കിലും, പലരും ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

‘മറ്റ് പ്രസിഡന്റുമാര്‍ ചെയ്യേണ്ടിയിരുന്ന കാര്യമാണ് ഞാന്‍ ചെയ്യുന്നത്. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നത് നമുക്ക് അനുവദിക്കാനാവില്ല. ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്ന് വരാം, എന്നാല്‍ പലരും, രാജ്യസ്നേഹികളായ ഒട്ടേറെപ്പേര്‍ ഇതിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു.

വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ആരോപിച്ചിരുന്നു. എണ്ണ വിതരണത്തെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ നടന്ന സംഭവങ്ങള്‍ ഇറാന്‍ പെരുപ്പിച്ചു കാണിക്കുകയോ അല്ലെങ്കില്‍ കെട്ടിച്ചമയ്ക്കുകയോ ചെയ്യുകയാണെന്നും യു.എസ് പ്രസിഡന്റ് ആരോപിച്ചു.

‘യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ വ്യാജ ആക്രമണങ്ങളും മൈന്‍ സ്‌ഫോടനങ്ങളും മറ്റും കെട്ടിച്ചമയ്ക്കുകയാണ്. കാരണം, സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണയാണ് ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്,’ ട്രംപ് അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ ഒരേ ദിവസം ഏഴ് എണ്ണക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അറിയിച്ചു. ഇറാനും യു.എസ്-ഇസ്രായേല്‍ സഖ്യവും തമ്മില്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും എണ്ണക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ വെച്ച് കേടുപാടുകള്‍ സംഭവിക്കുന്നത്.

Content Highlight: Iran threatens to strike oil and AI facilities across Gulf if US and Israel renew attacks

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more