| Wednesday, 14th January 2026, 6:13 pm

രാജ്യത്തിനെതിരായ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന അമേരിക്കയെ അപലപിക്കണം: യു.എന്നിനോട്‌ ഇറാൻ

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: രാജ്യത്തിനെതിരായ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന അമേരിക്കയെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് ഇറാൻ.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ അംബാസഡർ അബുകർ ദാഹിർ ഒസ്മാനെയും അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് ഇറാന്റെ ആവശ്യം.

തന്റെ രാജ്യത്തിനെതിരെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും അമേരിക്കയെ അപലപിക്കണമെന്ന് ഇറാന്റെ ഐക്യരാഷ്ട്രസഭ അംബാസഡർ അമീർ സയീദ് ഇറവാനി ആവശ്യപ്പെട്ടു.

ട്രൂത്ത് സോഷ്യലിലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് ഇറാനിൽ പരസ്യമായി അമേരിക്ക ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിഷേധക്കാരോട് സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ട്രംപ് ചൊവ്വാഴ്ച ആഹ്വാനം ചെയ്തിരുന്നു പിന്നാലെയാണ് ഇറാൻ യു.എന്നിനെ സമീപിച്ചത്.

രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെന്നും അപലപിക്കണമെന്നും ഇറാൻ പറഞ്ഞു.

‘രാഷ്ട്രീയ അസ്ഥിരതയെ വ്യക്തമായി പ്രോത്സാഹിപ്പിക്കുകയും ആക്രമണങ്ങൾക്കായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, ദേശീയ സുരക്ഷ എന്നിവയ്ക്ക് ഇത് ഭീഷണിയാകുന്നു,’ യു.എന്നിന് അയച്ച കത്തിൽ പറഞ്ഞു.

സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുമെന്നും പ്രതിഷേധക്കാരോട് പ്രതിഷേധം തുടരാനും അവരുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള ആഹ്വാനത്തിന് പിന്നിൽ, 2025 ജൂണിൽ ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തിയ 12 ദിവസത്തെ യുദ്ധത്തിന്റെ പരാജയത്തിന്റെ പശ്ചാത്തലമുണ്ടെന്നും അമീർ സയീദ് ഇറവാനി പറഞ്ഞു.

ഇറാനിലെ ജനങ്ങളുടെ മരണങ്ങൾക്ക് യു.എസിനും ഇസ്രഈലിനും നിഷേധിക്കാനാവാത്ത ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നീ തത്വങ്ങൾ ഉൾപ്പെടെ യു.എൻ ചാർട്ടറിനെ ലംഘിക്കുന്ന പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും എല്ലാ യു.എൻ അംഗരാജ്യങ്ങളും വിട്ടുനിൽക്കണമെന്നും ഇറാൻ പറഞ്ഞു.

ഡിസംബർ 28 നാണ് ഇറാനിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. രാജ്യവ്യാപകമായ ഒരു സർക്കാർ വിരുദ്ധ പ്രതിഷേധമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

നൂറുകണക്കിന് സാധാരണക്കാരും സുരക്ഷാ സേനയിലെ അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Content Highlight: Iran tells UN to condemn US for inciting attacks against country

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more