ടെല്‍ അവീവ്: ഇസ്രഈലിനെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രഈലിലേക്ക് ഇറാന്‍ നൂറിലധികം ഡ്രോണുകള്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ന് (വെള്ളി) പുലര്‍ച്ചെ മൂന്ന് മണിയോടെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ ഇസ്രഈലും യു.എസും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തിരിച്ചടി.
ഇറാന്‍ ഇസ്രഈലിലേക്ക് ഏകദേശം 100 യു.എ.വികള്‍ വിക്ഷേപിച്ചതായി ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ സ്ഥിരീകരിച്ചു.
ഇറാനെതിരായ സൈന്യത്തിന്റെ ആക്രമണങ്ങള്‍ ‘പൂര്‍ണ വിജയം’ നേടിയേക്കില്ലെന്ന് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ഇയാല്‍ സമീര്‍ നിര്‍ദേശിച്ചു.
ഇതിനിടെ ‘ബ്രേക്ക്ത്രൂ ഇന്റലിജന്‍സ്’ പ്രകാരമാണ് ഇസ്രഈല്‍ ഇറാനെതിരായ ആക്രമണങ്ങള്‍ സാധ്യമാക്കിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രഈലിന്റെ ആക്രമണത്തില്‍ ആയത്തുള്ള ഖമേനിയുടെ വിശ്വസ്തന്‍ അലി ഷംഖാനി മരണപ്പെട്ടു.
ഇറാനിയന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരിയും ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമിയും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇറാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രം ഇസ്രഈലിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) അറിയിച്ചു.
കഴിഞ്ഞ ദിവസം ഇറാനെതിരെ ഉടന്‍ ഇസ്രഈലിന്റെ ആക്രമണം ഉണ്ടാകുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇസ്രഈല്‍ യു.എസിന് നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇറാനെതിരായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് യു.എസ് പ്രതികരിച്ചത്.
Content Highlight: Iran strikes back at Israel; Reportedly launches over 100 drones