ടെഹ്‌റാൻ: അമേരിക്ക സൈനിക ആക്രമണം നടത്തിയാൽ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകുന്ന ബിൽബോർഡുമായി ഇറാൻ.
അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ആക്രമണം നടത്തരുതെന്ന ഇറാന്റെ മുന്നറിയിപ്പ്.
യു.എസിന്റെ സൈനിക ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന തകർന്ന വിമാനവാഹിനി കപ്പലിന്റെ ചിത്രമുള്ള ബിൽബോർഡാണ് പുറത്തിറക്കിയത്.
മധ്യ ടെഹ്റാനിലെ സ്ക്വയറിലാണ് മുന്നറിയിപ്പ് നൽകുന്ന ബിൽബോർഡ് സ്ഥാപിച്ചത്.
ചിത്രത്തിൽ വിമാനവാഹിനി കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ കേടുപാടുകൾ സംഭവിച്ചതായും പൊട്ടിത്തെറിക്കുന്നതുമായ യുദ്ധവിമാനങ്ങൾ കാണാം.
ഫ്ലൈറ്റ് ഡെക്കിലെ മൃതദേഹങ്ങളും രക്തക്കറകളും ചിത്രത്തിൽ കാണാൻ കഴിയും. കപ്പലിൽ നിന്നുള്ള രക്തക്കറകൾ ഒഴുകി അമേരിക്കൻ പതാകയുടെ പാറ്റേണിൽ വെള്ളത്തിലേക്ക് ഒഴുകുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
നിങ്ങൾ കാറ്റ് വിതച്ചാൽ അത് കൊടുങ്കാറ്റായി തിരിച്ചു ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന ഒരു എഴുത്തും ബിൽബോർഡിൽ കാണാം.
ഇറാനിലെ ടെഹ്‌റാനിലുള്ള എൻക്വെലാബ് സ്‌ക്വയറിൽ സ്ഥാപിച്ച ബിൽബോർഡ്. ഫോട്ടോ: അനഡോലു/ ഗേറ്റി ഇമേജസ്
അമേരിക്ക ഒരു മോശമായ കാര്യം ചെയ്താൽ അതിന്റെ ഫലം അതിനേക്കാൾ ഭയാനകമായ രീതിയിൽ തിരിച്ചു ലഭിക്കുമെന്ന് ബിൽബോർഡ് അർത്ഥമാക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും ഇറാനിലേക്ക് നീങ്ങുന്നതിനിടെയാണ് ടെഹ്റാനിലെ സ്ക്വയറിൽ ചുവർചിത്രം സ്ഥാപിച്ചത്.
ഇറാനെതിരായ അമേരിക്കയുടെ ഏത് ആക്രമണത്തെയും സമഗ്ര യുദ്ധമായി കണക്കാക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തിന്റെ വ്യാപ്തിയോ സ്വഭാവമോ പ്രകാരം വേർതിരിക്കില്ലെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
യു.എസ് യുദ്ധക്കപ്പലുകൾ, യുദ്ധ വിമാനങ്ങൾ, ഡിസ്ട്രോയറുകൾ എന്നിവ മിഡിൽ ഈസ്റ്റിൽ എത്താനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഉദ്യോഗസ്ഥന്റെ പ്രസ്താവന.
ഇറാനെ നേരിടാൻ യുദ്ധകപ്പലുകളുടെ കൂട്ടം അമേരിക്കയ്ക്കുണ്ടെന്നും അത് മേഖലയിലേക്ക് നീങ്ങുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Iran signs billboard warning of retaliation if US attacks