| Saturday, 20th June 2026, 8:53 pm

ലെബനനിലെ ഇസ്രഈല്‍ ആക്രമണം: ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലബനനില്‍ ഇസ്രഈല്‍ ആക്രമണം നടത്തുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടുന്നതായി ഇറാന്‍ സൈന്യം. ലെബനനില്‍ ഇന്ന് 32 പേരെ കൊലപ്പെടുത്തിയ ഇസ്രഈല്‍ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതായി ഇറാന്റെ ഇസ്‌ലാമിക് ഗാര്‍ഡ് കോര്‍പസ് (ഐ.ആര്‍.ജി.സി) അറിയിച്ചു.

ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ യു.എസ്-ഇറാന്‍ ധാരണാ പത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടയാന്‍ തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിലെ ആദ്യ വ്യവസ്ഥയുടെ കടുത്ത ലംഘനത്തോടുള്ള പ്രതികരണമെന്ന നിലക്കാണ് നടപടിയെന്ന് ഇറാന്‍ സേനയുടെ സംയുക്ത ആസ്ഥാനം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ലെബനന്‍ അടക്കം എല്ലാ പോര്‍മുഖങ്ങളിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ – യു.എസ് ധാരണാ പത്രത്തിലെ ആദ്യ വ്യവസ്ഥ. ധാരണാ പത്രത്തിനായുള്ള ചര്‍ച്ചകള്‍ക്കിടെ ഇറാന്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നത്.

യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥയാണ് ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ അവസാനിപ്പിക്കല്‍. കഴിഞ്ഞദിവസങ്ങളിലാണ് ധാരണാ പത്രത്തില്‍ ഇറാനും യു.എസും ഡിജിറ്റലി ഒപ്പ് വച്ചത്. ഇതിന് പിറകെ ഹോര്‍മുസിലെ തടസ്സങ്ങള്‍ നീക്കുകയും കടലിടുക്കിലൂടെയുള്ള ഗതാഗതം സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ധാരണാ പത്രം നിലവില്‍ വന്നിട്ടും ലെബനനില്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. പിന്നീട് ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രഈലും ലബനനിലെ ഹിസ്ബുല്ലയും ഇന്നലെ വെടിനിര്‍ത്തല്‍ കരാരില്‍ ധാരണയിലെത്തി.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ച ശേഷവും ലെബനനില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയായിരുന്നു. ഇന്ന് നടന്ന ഇസ്രഈല്‍ ആക്രമണങ്ങളില്‍ മാത്രം ലബനനില്‍ 32 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുടര്‍ ചര്‍ച്ചയ്ക്കായി ഇറാനും യു.എസും

അതേ സമയം, ഇറാനും യു.എസും തമ്മിലുള്ള തുടര്‍ ചര്‍ച്ചകള്‍ ഞായറാഴ്ച ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. യു.എസ്. ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥരാണ് പാകിസ്ഥാന്‍.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗെന്‍സ്റ്റോക്കില്‍ വച്ചാണ് ഇറാന്‍ – യു.എസ് ചര്‍ച്ച. ചര്‍ച്ചയില്‍ ഇറാന്റെയും യു.എസിന്റെയും പ്രതിനിധികള്‍ക്കൊപ്പം മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികളും പങ്കെടുക്കും.

ചര്‍ച്ചക്കായി താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. യു.എസ് ചര്‍ച്ചാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജേയ്ഡ് കുഷ്‌നറും നിലവില്‍ സ്വ്റ്റ്‌സര്‍ലന്‍ഡിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കുമെന്നും കൂടിക്കാഴ്ചയില്‍ വച്ച് ധാരണാ പത്രത്തിന്റെ കടലാസ് പതിപ്പുകളില്‍ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെക്കുമന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുകയും ഹോര്‍മുസ് അടക്കുകയും ചെയ്ത സാഹചര്യത്തില്‍ ധാരണാ പത്രത്തിന്റെ ഫിസിക്കല്‍ കോപ്പിയില്‍ ഇരു കക്ഷികളും ഒപ്പുവയ്ക്കാന്‍ തയ്യാറാവുമോ എന്ന് വ്യക്തമല്ല.

Content Highlight: Iran shuts Hormuz after Israel Attacks in Lebanon; Iran-US talks to start Sunday – says Pakistan External Ministry

We use cookies to give you the best possible experience. Learn more