| Friday, 6th March 2026, 9:28 pm

ഇറാന്‍ നിരുപാധികം കീഴടങ്ങിയാല്‍ നാശത്തില്‍ നിന്നും കരകയറ്റും, സാമ്പത്തിക ശക്തിയാക്കും; അല്ലാതെ ഒരു കരാറിനുമില്ല: ട്രംപ്

അനിത സി

വാഷിങ്ടണ്‍: ഇറാന്‍ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കീഴടങ്ങാന്‍ ഇറാന്‍ സമ്മതിച്ചാല്‍ മാത്രമേ ഏതൊരു കരാറിനും യു.എസ് തയ്യാറാകൂവെന്നും ട്രംപ് പറഞ്ഞു.

‘ഇറാന്‍ ഉപാധികളില്ലാതെ കീഴടങ്ങണം. അതിനുശേഷം മഹാനും സ്വീകാര്യനുമായ ഒരു നേതാവിനെ ഞങ്ങള്‍ തെരഞ്ഞെടുക്കും. ശേഷം യു.എസും സഖ്യകക്ഷികളും ഇറാനെ നാശത്തില്‍ നിന്നും കരകയറ്റാന്‍ അക്ഷീണം പ്രവര്‍ത്തിക്കും.

മുമ്പത്തേക്കാളും സാമ്പത്തികമായി വലുതും മികച്ചതും ശക്തവുമായ രാജ്യമാക്കി ഇറാനെ മാറ്റും. ഇറാന് മികച്ച ഒരു ഭാവിയുണ്ടാകും. മേയ്ക്ക് ഇറാന്‍ ഗ്രേറ്റ് എഗെയ്ന്‍ (MIGA)’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

നേരത്തെ, ഇറാന്റെ തലവന്‍ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ യു.എസിന് പങ്കുണ്ടായിരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

ഇറാനുമായി ചേര്‍ന്ന് തങ്ങള്‍ അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ പോവുകയാണ്. അത് ചെയ്യേണ്ടതുണ്ട്. യു.എസ്, ഇസ്രഈല്‍ ആക്രമണത്തില്‍ വധിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇ അടുത്ത പരമോന്നത നേതാവാകില്ലെന്നും ട്രംപ് റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

ഇറാന്റെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ യു.എസ് ഭാഗമായി കഴിഞ്ഞാല്‍ എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇതുപോലെ ആക്രമിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട അവസാന കിരീടാവകാശി ഷായുടെ മകന്‍ റെസ പഹ്‌ലവി ഭരണത്തിലെത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനോട് എല്ലാവരും ഇതിന്റെ ഭാഗമാണെന്നും അക്കാര്യം പറയാനുള്ള സമയമായിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, ഇറാന്‍ ആരെ തെരഞ്ഞെടുത്താലും വധിക്കുമെന്ന് യു.എസ് പ്രതികരിച്ചിരുന്നു.

Content Highlight: Iran should surrender unconditionally; no deal without it: Trump

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more