വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മാസങ്ങള്‍ പിന്നിടവേ, യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി.ബി.സിയുടെ ഫാക്ട് ചെക്കിങ് വിഭാഗമായ ‘ബി.ബി.സി വെരിഫൈ’ വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്ക മുന്‍പ് പരസ്യമായി സമ്മതിച്ചതിനേക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു.
അമേരിക്കന്‍ വ്യോമസേനയുടെ അടയാളങ്ങളുള്ള, തകര്‍ന്നുവീണ ഒരു ഇ-3 സെന്‍ട്രി നിരീക്ഷണ വിമാനത്തിന്റെ പ്രൊമോ ചിത്രങ്ങളും ബി.ബി.സി പുറത്തുവിട്ടിട്ടുണ്ട്.
വിമാനത്തിന്റെ വാല്‍ ഭാഗം പൂര്‍ണ്ണമായി വേര്‍പെട്ട നിലയിലും അവശിഷ്ടങ്ങള്‍ ചുറ്റും ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങളാണുള്ളത്. യു.എസ് ബേസുകളില്‍ തകര്‍ന്നടിഞ്ഞ വിമാന ഹാംഗറുകള്‍ കാണിക്കുന്ന ഉപഗ്രഹ ചിത്രത്തിനൊപ്പമാണ് ഈ ചിത്രവും ഉള്ളത്.
ഫെബ്രുവരി അവസാനം മുതല്‍ മിഡില്‍ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലെ പ്രധാന യു.എസ് താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഖത്തര്‍, കുവൈറ്റ്, ഇറാഖ്, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്.
Photo: BBC Source: Airbus Ds
അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, റഡാറുകള്‍, ഇന്ധനം നിറയ്ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതിലൂടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആക്രമിക്കപ്പെട്ട താവളങ്ങളുടെ എണ്ണം 28 വരെ ആയേക്കാമെന്നാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറാനിലും ലെബനനിലും അമേരിക്കയും ഇസ്രഈലും നടത്തിയ സംയുക്ത ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ടെഹ്‌റാന്‍ ഈ തിരിച്ചടി നല്‍കിയത്.
അതേസമയം, തങ്ങള്‍ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ആരംഭിച്ചതിനുശേഷം ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെടുന്നു. ഇറാന്‍ സൈന്യം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു എന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന.
എന്നാല്‍, അമേരിക്കന്‍ കേന്ദ്രങ്ങളില്‍ ദൃശ്യമാകുന്ന നാശനഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍, ടെഹ്‌റാന്റെ പ്രത്യാക്രമണങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് സമ്മതിച്ചതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന് പ്രതിരോധ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ബി.ബി.സി വെരിഫൈയുടെ ഈ കണ്ടെത്തലുകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
Photo: BBC Source: Airbus Ds
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ തന്നെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ ഉപഗ്രഹ വിശകലനങ്ങള്‍ പുറത്തുവരുന്നത് പരിമിതപ്പെടുത്താന്‍ അമേരിക്ക തന്ത്രപ്രരമായ നീക്കം നടത്തിയിരുന്നു. പുതിയ ചിത്രങ്ങള്‍ നല്‍കുന്നതിന് ഉപഗ്രഹ ചിത്രങ്ങളുടെ പ്രധാന ദാതാക്കളായ പ്ലാനറ്റ് കമ്പനിയോട് അനിശ്ചിതകാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യു.എസ് ആവശ്യപ്പെട്ടു.
സഖ്യകക്ഷികളേയും നാറ്റോ പങ്കാളികളേയും ഉദ്യോഗസ്ഥരെയും സിവിലിയന്മാരെയും ലക്ഷ്യം വെയ്ക്കാന്‍ എതിരാളികള്‍ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനാണ് ഈ നീക്കം എന്ന് കമ്പനി ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നാശനഷ്ടങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി ബി.ബി.സി വെരിഫൈ പ്ലാനറ്റില്‍ നിന്നുള്ള പഴയ ചിത്രങ്ങളും മറ്റ് അന്താരാഷ്ട്ര ദാതാക്കളില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളുമാണ് ഉപയോഗിച്ചത്.
തകര്‍ന്ന വിലപ്പെട്ട സൈനിക ഹാര്‍ഡ്വെയറുകളില്‍ യു.എ.ഇയിലെ അല്‍ റുവൈസ്, അല്‍ സാദര്‍ വ്യോമതാവളങ്ങളിലെയും ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിലെയും മൂന്ന് അത്യാധുനിക ബാലിസ്റ്റിക് വിരുദ്ധ മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള താവളങ്ങളിലായി ഏകദേശം 1 ബില്യണ്‍ ഡോളര്‍ (766 മില്യണ്‍ പൗണ്ട്) നിര്‍മ്മാണച്ചെലവുള്ള ‘ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്’ ബാറ്ററികളില്‍ വെറും എട്ടെണ്ണം മാത്രമാണ് നിലവില്‍ യു.എസ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഓരോ ബാറ്ററിയും പ്രവര്‍ത്തിപ്പിക്കാന്‍ 100 സൈനികരടങ്ങുന്ന സംഘം വേണം. കൂടാതെ ഇതില്‍ നിന്നും തൊടുത്തുവിടുന്ന ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്ക് ഒരു റൗണ്ടിന് മാത്രം ഏകദേശം 12.7 മില്യണ്‍ ഡോളര്‍ ചിലവ് വരും.
വേഗത്തിലോ എളുപ്പത്തിലോ മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത, സങ്കീര്‍ണ്ണമായ പ്രാദേശിക പ്രതിരോധ ശൃംഖലയുടെ കാതലായ ഭാഗമാണ് ഈ ബാറ്ററികളെന്ന് ഐറിഷ് പ്രതിരോധ സേനയുടെ മുന്‍ മേധാവി വൈസ് അഡ്മിറല്‍ മാര്‍ക്ക് മെല്ലറ്റ് ബി.ബി.സിയോട് വ്യക്തമാക്കി.
Photo: BBC Source: BBC Verify Research
സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ഇന്ധനം നിറയ്ക്കുന്നതിനും നിരീക്ഷണത്തിനുമായി സജ്ജീകരിച്ചിരുന്ന വിമാനങ്ങള്‍ക്ക് നേരെയും ഇറാന്‍ കനത്ത നാശനഷ്ടമുണ്ടാക്കി.
തകര്‍ന്ന വിമാനങ്ങളും പുകയുന്ന ഗര്‍ത്തങ്ങളും ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇതില്‍ തകര്‍ന്ന ഒരു വിമാനം 700 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ‘E-3 Sentry’ നിരീക്ഷണ വിമാനമാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
കുവൈത്തിലെ അലി അല്‍ സലേം എയര്‍ബേസ്, ക്യാമ്പ് ആരിഫ്ജന്‍ എന്നിവയും ഇറാന്‍ ലക്ഷ്യമിട്ടു. കുവൈത്തിലെ താവളങ്ങളില്‍ തകര്‍ന്ന ഇന്ധന സംഭരണ ബങ്കറുകള്‍, വിമാന ഹാംഗറുകള്‍, സൈനിക താമസ സൗകര്യങ്ങള്‍ എന്നിവ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
ക്യാമ്പ് ആരിഫ്ജനില്‍ യു.എസിന്റെ ഉപഗ്രഹ ആശയവിനിമയ ഹാര്‍ഡ്വെയറുകള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായി പ്രതിരോധ ഇന്റലിജന്‍സ് കമ്പനിയായ ജെയ്ന്‍സ് സ്ഥിരീകരിച്ചു.
യു.എസിന് ഈ യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തി കണക്കാക്കുക പ്രയാസമാണ്. എങ്കിലും പെന്റഗണ്‍ മെയ് മാസത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ ആകെ ചെലവ് 29 ബില്യണ്‍ ഡോളറാണ്.
ഇതില്‍ ഭൂരിഭാഗവും സംഘര്‍ഷത്തില്‍ നശിച്ച ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ അല്ലെങ്കില്‍ അവ മാറ്റിസ്ഥാപിക്കാനോ വേണ്ടിയാണ് ചെലവഴിക്കുന്നത്.
എന്നാല്‍ ഈ കണക്ക് വളരെ കുറച്ചുകാണിച്ചതാണെന്നാണ് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. ഫെബ്രുവരി മുതല്‍ എഫ്-15, എഫ്-35 യുദ്ധവിമാനങ്ങള്‍, 24 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, ഒരു എ-10 ആക്രമണ വിമാനം എന്നിവയുള്‍പ്പെടെ കുറഞ്ഞത് 42 യു.എസ് വിമാനങ്ങളെങ്കിലും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ കോടികള്‍ വിലമതിക്കുന്ന അത്യാധുനിക ഹാര്‍ഡ്‌വെയറുകളെ തകര്‍ക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് വളരെ വിലകുറഞ്ഞതും എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാവുന്നതുമായ ഡ്രോണുകളാണ്. യുദ്ധം മുന്നോട്ട് പോകുംതോറും ഇറാന്റെ ആക്രമണ തന്ത്രങ്ങളില്‍ വലിയ മാറ്റം വന്നതായി വിദഗ്ദ്ധര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ വലിയ തോതിലുള്ള മിസൈല്‍ ആക്രമണങ്ങളിലൂടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുക എന്നതായിരുന്നു ഇറാന്റെ തന്ത്രം.
ഇറാന്റെ പ്രാരംഭ ആക്രമണങ്ങള്‍ വലിയ അളവിലുള്ള മിസൈല്‍ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അത് വലിയ സംഖ്യയിലൂടെ അമേരിക്കന്‍ വ്യോമ-മിസൈല്‍ പ്രതിരോധങ്ങളെ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്തതായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ചെറിയ ആക്രമണങ്ങളിലേക്ക് മാറി. ശേഷിക്കുന്ന മിസൈലുകളും ഡ്രോണുകളും നിര്‍ദ്ദിഷ്ട ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങള്‍ക്കായി അവര്‍ മാറ്റിവെച്ചു,’ യു.എസ് ആസ്ഥാനമായുള്ള സ്റ്റിംസണ്‍ സെന്റര്‍ തിങ്ക് ടാങ്കിലെ വിശകലന വിദഗ്ധനായ ഡോ. കെല്ലി ഗ്രീക്കോ ബി.ബി.സിയോട് പറഞ്ഞു.
ഇറാന്റെ ഡ്രോണുകളുടെയും മിസൈലുകളുടെയും പരിധിയില്‍ നിന്ന് തങ്ങളുടെ വിമാനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍ യു.എസ് സൈന്യത്തിന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ രീതിയില്‍ അലംഭാവം സംഭവിച്ചതായി MAIARലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ വിമാനങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന് മുന്‍പ് തന്നെ അവിടെ ഇറാന്‍ വെടിവയ്പ്പ് നടത്തി മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ വിജയകരമായി ആക്രമിച്ച ഇറാന്റെ സൈനിക നേട്ടങ്ങളെ പരമോന്നത നേതാവായ മൊജ്തബ ഖാംനഇ അഭിനന്ദിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍, മിഡില്‍ ഈസ്റ്റ് ഇനി അമേരിക്കന്‍ സൈന്യത്തിന് ഒരു ‘സുരക്ഷിത സ്ഥലമല്ല’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
‘ഈ മേഖലയിലെ രാഷ്ട്രങ്ങള്‍ ഇനി അമേരിക്കന്‍ താവളങ്ങള്‍ക്ക് കവചമായി വര്‍ത്തിക്കില്ല. മിഡില്‍ ഈസ്റ്റില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതിനും അമേരിക്കയ്ക്ക് ഇനി സുരക്ഷിതമായ ഇടമുണ്ടാകില്ല,’ മൊജ്തബ ഖാംനഇ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മില്‍ നിലനിന്നിരുന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രസ്താവന. തെക്കന്‍ ഇറാനില്‍ യു.എസ് പുതിയ ആക്രമണങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെ, മേഖലയിലെ ഒരു അമേരിക്കന്‍ താവളത്തെ തങ്ങള്‍ വിജയകരമായി ലക്ഷ്യം വെച്ചതായി വ്യാഴാഴ്ച ഐ.ആര്‍.ജി.സി സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായി തകരുകയും പോരാട്ടം കടുക്കുകയും ചെയ്താല്‍ ഗള്‍ഫ് മേഖലയിലുടനീളമുള്ള യു.എസ് താവളങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകുമെന്ന് ഡോ. കെല്ലി ഗ്രീക്കോ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlight: Iran shocks US; 20 US military bases destroyed; Satellite images out