| Thursday, 11th June 2026, 8:36 am

ഹോര്‍മുസ് പൂര്‍ണമായി അടച്ചുവെന്ന് ഇറാന്‍; ഗതാഗതം തുടരുന്നുവെന്ന് യു.എസ്

നിഷാന. വി.വി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതായി പ്രഖ്യാപിച്ച് ഇറാന്‍.
അര്‍ദ്ധ ഔദ്യോഗികമായ മാധ്യമങ്ങള്‍ വഴി നടത്തിയ പ്രഖ്യാപനത്തിലാണ് ഹോര്‍മുസ് പൂര്‍ണമായി അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചത്.

ഹോര്‍മുസ് വഴി കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും ആക്രമിക്കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ഉള്‍പ്പെടെ എല്ലാ ഗതാഗതവും അടച്ചുപൂട്ടാന്‍ രാജ്യത്തെ ഉന്നത സംയുക്ത സൈനിക കമാന്‍ഡ് ഉത്തരവിട്ടു,’ മെഹര്‍ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരായ യു.എസ് ആക്രമണത്തെ തുടര്‍ന്നാണ് ഹോര്‍മുസ് അടച്ചിടുന്നതെന്നും സൈന്യം അറിയിച്ചു.

‘ഈ നിമിഷം മുതല്‍, മേഖലയിലെ അരക്ഷിതാവസ്ഥ കാരണം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു എന്നാണ് അറിയിപ്പ്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടും,’ ഇറാന്‍ സൈന്യം അറിയിച്ചു.

യു.എസ് നാവിക സംഘത്തിന് നേരെ ഇറാന്റെ നാവികസേന വെടിയുതിര്‍ത്തതായും യു.എസ് യുദ്ധവിമാനത്തെ ഇറാന്‍ തുരത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹോര്‍മുസ് അടച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ് തള്ളി. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോവുന്നത് തുടരുന്നുവെന്നായിരുന്നു യു.എസ് സൈന്യത്തിന്റെ അവകാശവാദം.

ഇറാനില്‍ യു.എസ് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലായിരിക്കുന്നത്. അമേരിക്കയുടെ ഒമാന്‍ തീരത്തുള്ള കപ്പല്‍ ഇറാന്‍ ആക്രമിച്ചുവെന്നാരോപിച്ചായിരുന്നു യു.എസ് ആക്രമണം. എന്നാല്‍ ഇറാന് ഇതിന് മറുപടിയായി കുവൈത്ത് ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചു.

Content Highlight: Iran says Strait of Hormuz completely closed; US says traffic continues

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more