| Friday, 4th July 2025, 11:52 am

വഞ്ചനയ്ക്ക് സ്ഥാനമില്ല; ആണവചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ യു.എസ് നയതന്ത്രത്തോടുള്ള പ്രതിബന്ധത തെളിയിക്കണം: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: നയതന്ത്രം ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചക്കുണ്ടാകില്ലെന്ന് ഇറാന്‍. ടെഹ്റാനുമായി ചര്‍ച്ചക്കിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അമേരിക്ക ആദ്യം നയതന്ത്രത്തോടുള്ള പ്രതിബന്ധത തെളിയിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

നയതന്ത്രത്തെ മാനസിക യുദ്ധത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റരുതെന്നും എതിരാളിക്കെതിരെ വഞ്ചന പ്രയോഗിക്കരുതെന്നും മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എസ്മയില്‍ ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയെന്നും എസ്മയില്‍ ബഗായ് അറിയിച്ചു. നയതന്ത്രം ഒരിക്കലും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ പുനരാംരംഭിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുമായുള്ള ആറാംഘട്ട ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രഈല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ തടസപ്പെട്ടിരുന്നു. ഒമാന്റെ മധ്യസ്ഥതയില്‍ റോമിലും മസ്‌കറ്റിലുമായാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടന്നത്.

ഇതിനിടെയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ജൂണ്‍ 13നാണ് ഇസ്രഈല്‍ ഇറാനെ ആക്രമിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇറാനും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇസ്രഈലിനോടൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയാണെങ്കില്‍ യു.എസ് കടുത്ത പ്രഹരം നേരിടുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ജൂണ്‍ 22 ന് പുലര്‍ച്ചെ ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഈ ആക്രമണം ഇറാന്റെ ദേശീയ പരമാധികാരത്തിന് എതിരായിരുന്നുവെന്നും എസ്മയില്‍ ബഗായ് പറഞ്ഞു.

അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഒന്നോര്‍ക്കേണ്ടതുണ്ട്, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ബഗായ് ചൂണ്ടിക്കാട്ടി. ഇറാന്‍ സേന എന്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യു.എസ് നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം പെന്റഗണ്‍ തള്ളിയിരുന്നു.

ആക്രമണത്തിന്റെ ഫലമായി ഇറാന്റെ ആണവ പദ്ധതി ഏകദേശം ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പിന്നോട്ട് പോയിട്ടുണ്ടെന്നും എന്നാല്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസ് ആക്രമണത്തിന് സാധിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പെന്റഗണ്‍ ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിലെ മുഖ്യ വക്താവ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറയുകയായിരുന്നു.

Content Highlight: Iran says no talks unless US drops deception, commits to diplomacy

We use cookies to give you the best possible experience. Learn more