| Monday, 20th April 2026, 6:59 am

ഉപരോധം നിലനില്‍ക്കുവോളം ചര്‍ച്ചയില്ലെന്ന് ഇറാന്‍; ഭീഷണി, ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതായി ട്രംപ്

ആദര്‍ശ് എം.കെ.

ഇസ്‌ലമാബാദ്: അമേരിക്കയുമായി നിശ്ചയിച്ചിരുന്ന പുതിയ ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍. ചര്‍ച്ചകള്‍ കൊണ്ട് ഫലമുണ്ടാകില്ലെന്നും യു.എസിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ ആസ്ഥാനമായി തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ചര്‍ച്ചകളില്‍ നിന്നാണ് ഇറാന്‍ പിന്മാറിയത്.

ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

‘ഇനി വിട്ടുവീഴ്ചയില്ല’ (NO MORE MR. NICE GUY!) എന്ന് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് ഭീഷണി മുഴക്കി. അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനിലെ ഓരോ വൈദ്യുതി നിലയവും പാലങ്ങളും തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

‘ഞങ്ങള്‍ വളരെ ന്യായവും നീതിയുക്തവുമായ ഒരു കരാര്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ അത് അങ്ങനെ തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാറിലെ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഇറാനിലെ ഓരോ പവര്‍പ്ലാന്റുകളും ഓരോ പാലങ്ങളും ഞങ്ങള്‍ തട്ടിയെടുക്കാന്‍ പോകുന്നു,’ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെഴുതി.

ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിവെപ്പ് നടത്തിയെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്റെ വിലപാട്. ഈ ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാനിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്ന നടപടി യുദ്ധക്കുറ്റമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതേസമയം, ഇറാന്റെ നിലപാടിന് പിന്നാലെ നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതായി ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസിന് സമീപത്ത് വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും അമേരിക്ക പറഞ്ഞു.

അമേരിക്കയുടെ അതിരുകഴിഞ്ഞ ആവശ്യങ്ങള്‍, ഒരിക്കലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത നിര്‍ദേശങ്ങള്‍, അമേരിക്കയുടെ വിരുദ്ധ നിലപാടുകള്‍, ഇറാനെതിരായ നാവിക ഉപരോധം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.

ദേശീയ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത ഒരു ഉപാധിയും സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന് ശേഷം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കും.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്റെ ആണവ പദ്ധതിയുമാണ് ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയങ്ങള്‍. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാന്‍ അവര്‍ തയ്യാറായെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇത് പൂര്‍ണമായും തള്ളി.

തങ്ങളുടെ ആണവ പദ്ധതി നിയമപരമായ അവകാശമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപരോധം പിന്‍വലിക്കാതെ തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ്.

അമേരിക്കന്‍ പ്രതിനിധി സംഘം തിങ്കളാഴ്ച വൈകുന്നേരം ഇസ്‌ലമാബാദില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇസ്‌ലമാബാദിലും റാവല്‍പിണ്ടിയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ പ്രധാന റോഡുകള്‍ അടയ്ക്കുകയും പ്രധാന ഹോട്ടലുകള്‍ക്ക് മുന്നില്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

Content Highlight: Iran says no talks as long as sanctions remain in place; Trump says seized Iranian ship

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more