| Tuesday, 22nd September 2026, 4:52 pm

യു.എസ് ഉപരോധ ഭീഷണി: വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഇറാനിയന്‍ വിമാനക്കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യുന്ന വിദേശ വിമാന സര്‍വീസുകള്‍ ഇനിയും തുടരുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍. ഇറാന്‍ വിമാനക്കമ്പനികളുമായി സഹകരിക്കുന്ന വിമാനത്താവളങ്ങളെയും സേവന ദാതാക്കളെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഉപരോധം ചുമത്തുമെന്ന് യു.എസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ തുടരുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചത്.

ഇറാനിയന്‍ എയര്‍ലൈനുകള്‍ നടത്തുന്ന വിദേശ സര്‍വീസുകള്‍ ഒക്ടോബര്‍ ആദ്യം മുതല്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് അറിയിച്ചു. എയര്‍ലൈനുകളുടെ വിദേശ സര്‍വീസുകളൊന്നും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും, അവയെല്ലാം പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.

ഉപരോധം കാരണം ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് ഈ ബുധനാഴ്ചയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്നും അവര്‍ക്ക് വിലക്ക് നേരിടേണ്ടിവരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് തങ്ങളെ ബാധിക്കില്ലെന്ന തരത്തിലാണ് ഇപ്പോള്‍ ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രതികരണം.

വിദേശ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സമയക്രമത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്ക് സേവനം നല്‍കുന്നത് തുടരുന്ന വിദേശ കമ്പനികള്‍ക്ക് മേല്‍ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്തുമെന്നായിരുന്നു യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ബുധനാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്ന് ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാമെന്നും ട്രഷറി സെക്രട്ടറി അവകാശപ്പെട്ടു.

വിമാനക്കമ്പനികള്‍ക്കുള്ള ഇന്ധന വിതരണക്കാര്‍, ടിക്കറ്റിംഗ് കമ്പനികള്‍, മറ്റ് അനുബന്ധ ബിസിനസുകള്‍ എന്നിവയ്ക്കും ഈ ഉപരോധം ബാധകമാണെന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

അതേസമയം, ഇറാന്‍ വിമാനക്കമ്പനികളെ ലക്ഷ്യം വെച്ച് ഉപരോധം ചുമത്താനുള്ള യു.എസ് നീക്കത്തെ ചൈന അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമോ യു.എന്‍ രക്ഷാസമിതിയുടെ അംഗീകാരമോ ഇല്ലാത്ത നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങളാണ് യു.എസ് ചുമത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.എസ് ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഇറാനെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന സാമ്പത്തിക സമ്മര്‍ദ്ദ നീക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ ഉപരോധ നീക്കം. സെകന്‍ഡറി ഉപരോധങ്ങള്‍ക്ക് മുമ്പ് തന്നെ ഇറാന്‍ വിമാനക്കമ്പനികള്‍ക്കെതിരായ നേരിട്ടുള്ള യു.എസ് ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന യു.എസ് ഉപരോധം മൂലം ഇറാനിലെ വ്യോമയാന മേഖല ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സ്‌പെയര്‍ പാര്‍ട്‌സുകളും അറ്റകുറ്റപ്പണിക്കുള്ള സേവനങ്ങളും ലഭ്യമാക്കുന്നതിനും ഇത് തടസ്സമായിട്ടുണ്ട്.

Content Highlight: Iran says no foreign flights cancelled despite US sanctions threat

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more