| Friday, 13th February 2026, 10:33 pm

ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ഇറാന്‍

അനിത സി

ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തിനെതിരായുണ്ടായ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുമെന്ന് ഇറാന്‍.

സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തു വസ്തുതാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മോഹ്‌ജെറാനി ഐ.എസ്.എന്‍.എയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, പ്രതിഷേധത്തെ നയിച്ച സാമ്പത്തികമായ കാരണങ്ങളെ കുറിച്ച് മാത്രമാണോ കമ്മീഷന്‍ അന്വേഷണം നടത്തുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ആളുകളുടെ മരണത്തെ കുറിച്ച് അന്വേഷിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മോഹ്‌ജെറാനി അറിയിച്ചു.

രാജ്യത്തെ അശാന്തിക്ക് കാരണമായ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ കുറിപ്പിലും കൂടുതല്‍ വിവരങ്ങളുണ്ടായിരുന്നില്ല.

ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായതില്‍ ലജ്ജിക്കുന്നു എന്നും പെസസ്‌കിയാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

2025 ഡിസംബര്‍ അവസാനത്തോടെയാണ് ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമാരംഭിച്ചത്. ജനുവരി ആദ്യവാരത്തോടെ പ്രതിഷേധം ശക്തമായി. ഇറാന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിഷേധത്തില്‍ പങ്കെടുത്ത 3000ലേറെ പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍, പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് 7005ലേറെ ആളുകളാണെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സുരക്ഷാ സോനാംഗങ്ങളും, ഇസ്രഈലിനും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കാരണം കൊല്ലപ്പെട്ട സാധാരണക്കാരുമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.

പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടവരെന്നും ഇവരെ കൊലപ്പെടുത്തിയത് ഇറാന്റെ സുരക്ഷാ സേനാംഗങ്ങളാണെന്നുമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

Content Highlight: Iran says it will form a commission to  inquiry antigovernmental protests

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more