ടെഹ്റാന്‍: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ അമേരിക്ക ഇടപെടുകയാണെങ്കില്‍ രാജ്യം ഒരു യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കന്‍ നയത്തിനെതിരെയുള്ള ശക്തമായ പ്രതികരണം അദ്ദേഹം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന 12 ദിന യുദ്ധത്തേക്കാള്‍ കരുത്തുണ്ട് ഇന്ന് ഇറാന്. ചര്‍ച്ചകളുടെ പാതയാണ് അമേരിക്ക സ്വീകരിക്കേണ്ടതെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഒരു യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ രാജ്യം അതിനു സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഭരണമാറ്റത്തെയാണ് ഉന്നംവയ്ക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ നടന്ന പ്രക്ഷോഭത്തില്‍ നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഭീകരരും വിദേശ ശക്തികളുമാണെന്നാണ് ഇറാന്റെ പക്ഷം.
ഇസ്രഈല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്കയെയും യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു.
എന്നാല്‍ യുദ്ധഭീഷണി നിലനില്‍ക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ തുടരുന്നുണ്ടെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആണവ കരാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും യുദ്ധഭീഷണിക്ക് വഴങ്ങാന്‍ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ അമേരിക്കയുമായി രഹസ്യ ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന നയത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.
Content Highlight: Iran says it is ready for war as US president discusses military options