മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍.
ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് ബുസൈദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാന്‍ പദ്ധതിയിടുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു.
‘ഇറാന് ചര്‍ച്ചയ്ക്ക് താത്പര്യമുണ്ട്. ഞാന്‍ സംസാരിക്കാന്‍ തയ്യാറാണ്. ഇറാനുമായി സംസാരിക്കും. ഇത് കുറച്ച് മുമ്പേ ആകാമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായ ഈ മാര്‍ഗം ഇറാന്‍ നേരത്തെ തെരഞ്ഞെടുക്കേണ്ടിയിരുന്നു,’ ട്രംപ് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ സ്വയം പ്രതിരോധിക്കാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് അരാഗ്ചി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ടെഹ്റാന്റെ ഹൃദയഭാഗത്ത് ഇപ്പോഴും ആക്രമണം തുടരുകയാണെന്നാണ് നെതന്യാഹു ഏറ്റവും അവസാനമായി പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാക്കുമെന്നും നെതന്യാഹു അറിയിച്ചിരുന്നു.
അതേസമയം വേദനാജനകമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും നെതന്യാഹു പ്രതികരിച്ചിരുന്നു. ഇസ്രഈലിലെ ബെയ്റ്റ് ഷെമെഷില്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
ബെയ്റ്റ് ഷെമെഷില്‍ നിലവില്‍ പത്ത് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രതികരിച്ച നെതന്യാഹു, ഇറാനെതിരായ പോരാട്ടത്തിനായി ഐ.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
Content Highlight: Iran says it is ready for talks; Trump also hints