| Saturday, 17th January 2026, 9:45 am

മൊസാദ് നൽകിയ 60,000 ആയുധങ്ങൾ പിടിച്ചെടുത്തതായി ഇറാൻ

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: അമേരിക്കയും ഇസ്രഈലുമായി ബന്ധപ്പെട്ട 60,000 ആയുധങ്ങൾ പിടിച്ചെടുത്തതായി ഇറാനിയൻ പൊലീസ്.

ബുഷെഹറിൽ കലാപകാരികളിൽ നിന്നും 60,000 ആയുധങ്ങൾ കണ്ടെത്തിയതായി ഇറാന്റെ നിയമ നിർവഹണ കമാൻഡർ പറഞ്ഞു. ഈ ആയുധങ്ങൾ ടെഹ്‌റാനിലേക്കുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷനിൽ കലാപ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. ആയുധധാരികളായ ഒരു ഭീകര സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞതായും രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ കലാപങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും പിന്നിൽ അമേരിക്കയും ഇസ്രഈൽ ഭരണകൂടവുമാണെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു. സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങൾ വിദേശ പിന്തുണ ലഭിച്ചതോടെ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നെന്നും അവർ പറഞ്ഞു.

മൊസാദ് പരിശീലനം ലഭിച്ച ഒരു ഭീകര സെൽ പൊളിച്ചുമാറ്റിയതായും ഇറാനിയൻ സുരക്ഷാസേന അറിയിച്ചു. ഈ സെല്ലിന് നൂതനമായ യുദ്ധ രീതികളിൽ പരിശീലനം നൽകിയെന്നും തസ്‌നിം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങളെ ചൂഷണം ചെയ്ത് ആക്രമണം നടത്തുക എന്നതായിരുന്നു ഈ സെല്ലിന്റെ ചുമതലയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വിവിധതരം ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് അവർ പ്രതിഷേധക്കാർക്കിടയിലേക്ക് നീങ്ങുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നെന്നും തസ്‌നിം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

എകെ-47 റൈഫിളുകൾ, ഷോട്ട്ഗൺ എന്നിവയുൾപ്പെടെ വിവിധ തരം ആയുധങ്ങളും, നൂറുകണക്കിന് ആളുകളെ കൊല്ലാൻ ഉപയോഗിച്ച സാറ്റലൈറ്റ് ഫോണുകൾ പോലുള്ള ആശയവിനിമയ ഉപകരണങ്ങളും ഈ ഭീകര സംഘങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ കാണാമെന്നും റിപ്പോട്ടിൽ പറയുന്നു,

ഈ സെല്ലിലെ അംഗങ്ങൾ സൈനിക, പൊലീസ് ആസ്ഥാനങ്ങൾ ആക്രമിക്കുകയും ആയുധങ്ങൾ മോഷ്ടിച്ചെന്നും വിതരണം ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ആക്രമണങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും മരണസംഖ്യ ഉയരുന്നതിനും കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Iran says it has seized 60,000 weapons linked to US and Israel

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more