| Tuesday, 3rd March 2026, 3:09 pm

സ്വന്തം കുറ്റകൃത്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍; സൗദിയിലെ അരാംകോ ആക്രമിച്ചത് ഇസ്രഈലെന്ന് ഇറാന്‍

അനിത സി

ടെഹ്‌റാന്‍: സൗദി അറേബ്യയിലെ എണ്ണ റിഫൈനറിയായ അരാംകോയുടെ നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രഈലെന്ന് ഇറാന്‍.

അരാംകോയ്‌ക്കെതിരായ ആക്രമണം ഇസ്രഈലിന്റെ വ്യാജ ഫ്‌ളാഗ് ഓപ്പറേഷനായിരുന്നു.ഇറാനിലെ ജനവാസകേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ സംബന്ധിച്ച് മേഖലയിലെ രാജ്യങ്ങളുടെ മനസിലുണ്ടായ മാറ്റത്തെ വ്യതിചലിപ്പിക്കാനാണ് ഇസ്രഈല്‍ ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന് നേരെ യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം ആരംഭിച്ചിരുന്നു.

ഇതോടെ തിങ്കളാഴ്ച നടന്ന അരാംകോ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇറാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍, അരാംകോയിലേക്കുള്ള ആക്രമണങ്ങള്‍ ഇസ്രഈലിന്റെ ഫാള്‍സ് ഫ്‌ളാഗ് പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്ന് ഇറാന്‍ വിശദീകരിച്ചു.

‘മേഖലയിലെ എല്ലാ അമേരിക്കന്‍, ഇസ്രഈലി താത്പര്യങ്ങളെയും സ്ഥാപനങ്ങളെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. അവയില്‍ പലതിനെയും ആക്രമിച്ചിട്ടുണ്ട്. അക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍,ഇതുവരെ ഇറാന്റെ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളില്‍ അരാംകോയുടെ സംവിധാനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല’, ഇറാന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

വ്യാജ ഫ്‌ളാഗ് ഓപ്പറേഷന്‍ നടത്തുന്ന ഇസ്രഈലിന്റെ അടുത്ത ലക്ഷ്യം യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിന് നേരെയുള്ള ആക്രമണമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് ഇറാന്‍ പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് സൗദിയിലെ അരാംകോ എണ്ണ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടായെന്നും വൈകാതെ തീ നിയന്ത്രണവിധേയമായതായും ആളപായമുണ്ടായില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് കരുതല്‍ നടപടിയുടെ ഭാഗമായി റാസ് തനുരയിലെ റിഫൈനറി താത്ക്കാലികമായി അടച്ചു. അരാംകോയെ ലക്ഷ്യം വെച്ച ഡ്രോണുകളെ സൗദി സൈന്യം പ്രതിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Iran says Israel attacked Saudi Aramco to divert attention

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more