| Saturday, 3rd October 2026, 12:50 pm

ഇറാന്റെ ആണവോർജ അവകാശത്തെ മാനിക്കണം: യു.എന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ശ്രീലക്ഷ്മി പി.പി

ന്യൂയോർക്ക്: ആണവോർജം സമാധാനപരമായി ഉപയോഗിക്കാനുള്ള ഇറാന്റെ നിയമപരമായ അവകാശം മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ പ്രതിനിധി സൺ ലെയ് പറഞ്ഞു.

യു.എൻ സുരക്ഷാ കൗൺസിലിൽ ഇറാന് എതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയം ചൈനയും റഷ്യയും ചേർന്ന് തള്ളിക്കളഞ്ഞതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരെയുള്ള ഉപരോധങ്ങൾ നിരീക്ഷിക്കുന്ന സമിതിയുടെ കാലാവധി നീട്ടാനാണ് സെപ്റ്റംബർ 17-ന് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. 11 രാജ്യങ്ങൾ ഇതിനെ അനുകൂലിച്ചെങ്കിലും, ചൈനയും റഷ്യയും എതിർത്തു വോട്ട് ചെയ്തതോടെ പ്രമേയം പാസായില്ല. രണ്ടു രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള വഴി അടഞ്ഞുപോകാതിരിക്കാനാണ് തങ്ങൾ ഇതിനെ എതിർത്തതെന്ന് ചൈന വ്യക്തമാക്കി. ‘സ്നാപ്ബാക്ക്’ വഴി ഉപരോധം തിരികെ കൊണ്ടുവന്ന നടപടി നിയമപരമായി തെറ്റാണെന്നും ചൈനയും റഷ്യയും ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയാണെന്ന് സൺ ലെയ് കുറ്റപ്പെടുത്തി. 2015-ലെ ആണവ കരാറിൽ നിന്ന് 2018-ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതും, ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്നതും, ചർച്ചകൾ നടക്കുന്നതിനിടെ ആക്രമണങ്ങൾ നടത്തിയതുമാണ് സ്ഥിതി വഷളാക്കിയത്. കരാർ പാലിക്കുന്നതിൽ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ വിഷയത്തിൽ ചൈനയ്ക്ക് സ്വന്തം സ്വാർത്ഥ താത്പ്പര്യങ്ങളൊന്നുമില്ലെന്നും, സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സൺ വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ആർക്കും ഗുണം ചെയ്യില്ലെന്നും, തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കായി യു.എൻ വേദികളെ അമേരിക്കയും കൂട്ടാളികളും ദുരുപയോഗം ചെയ്യുകയാണെന്ന് യു.എന്നിലെ ഇറാന്റെ പ്രതിനിധി ഗുലാംഹുസൈൻ ദർസിയും ആരോപിച്ചു.

അമേരിക്കയും ഇസ്രഈലും ചേർന്ന് 2025 ജൂണിൽ നടത്തിയ 12 ദിവസത്തെ ആക്രമണത്തെയും, 2026 ഫെബ്രുവരിയിൽ തുടങ്ങിയ 40 ദിവസത്തെ ആക്രമണത്തെയും ഇറാൻ ശക്തമായി തിരിച്ചടിച്ചെന്നും, ആ ചെറുത്തുനിൽപ്പാണ് അവരെ വെടിനിർത്തലിലേക്ക് എത്തിച്ചതെന്നും ഇറാൻ വ്യക്തമാക്കി.

Content Highlight:Iran’s right to nuclear energy must be respected: China clarifies its stance at the UN.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more