ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. ഫെബ്രുവരിയില്‍ ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനുമേറ്റ ഗുരുതരമായ പരിക്കുകളില്‍ നിന്ന് മൊജ്തബ ഖാംനഇ ഇപ്പോഴും മോചിതനായിട്ടില്ലെന്നാണ് റോയിട്ടേഴസ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കാലുകള്‍ക്ക് സാരമായ പരിക്കേറ്റതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിതാവ് ആയത്തുള്ള അലി ഖാംനഇയുടെ മരണത്തിന് കാരണമായ അതേ ആക്രമണത്തിലാണ് 56കാരനായ മൊജ്തബയ്ക്കും പരിക്കേറ്റത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സെന്‍ട്രല്‍ ടെഹ്റാനിലെ പരമോന്നത നേതാവിന്റെ കോമ്പൗണ്ട് ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
ഈ ആക്രമണത്തില്‍ മൊജ്തബയുടെ പിതാവും മുന്‍ ഭരണാധികാരിയുമായ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടിരുന്നു. കൂടാതെ മൊജ്തബയുടെ ഭാര്യ, സഹോദരി ഭര്‍ത്താവ്, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരും അന്ന് കൊല്ലപ്പെട്ടതായാണ് വിവരം.
മാര്‍ച്ച് 8ന് പിതാവിന്റെ പിന്‍ഗാമിയായി അധികാരമേറ്റെങ്കിലും, ഇതുവരെ മൊജ്തബയുടെ ചിത്രങ്ങളോ വീഡിയോകളോ ഓഡിയോ റെക്കോര്‍ഡിങ്ങുകളോ പുറത്തുവിട്ടിട്ടില്ല. അദ്ദേഹം എവിടെയാണെന്നോ ഭരണത്തിന് നേതൃത്വം നല്‍കാനുള്ള അവസ്ഥയിലാണോ എന്നീ
കാര്യങ്ങളും നിഗൂഢമാണ്.
ശാരീരികമായ വെല്ലുവിളിയുണ്ടെങ്കിലും ഓഡിയോ കോണ്‍ഫറന്‍സിങ് വഴി അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം, വാഷിങ്ടണുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളില്‍ അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ അമേരിക്കയുമായി ഉന്നതതല സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്.
ഇറാന്‍ ഔദ്യോഗികമായി മൊജ്തബയുടെ പരിക്കുകളെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, സ്റ്റേറ്റ് ടെലിവിഷന്‍ അദ്ദേഹത്തെ ‘ജാന്‍ബാസ്’ (യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് നല്‍കുന്ന പദവി) എന്ന് വിശേഷിപ്പിച്ചത് പരിക്കുകളുടെ തീവ്രത ശരിവെക്കുന്നതാണ്.
യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഖാംനഇയ്ക്ക് പരിക്കേറ്റതായും ശരീരഭാഗങ്ങള്‍ വികൃതമാക്കപ്പെട്ടതായും നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എയോ ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ തയ്യാറായിട്ടില്ല. ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധികളും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
ഖാംനഇയുടെ ഒരു കാല്‍ നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളുമായി ബന്ധമുള്ള ഒരു സ്രോതസ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇറാനില്‍ ആയത്തുള്ള അലി ഖാംനഇയുടെ അപ്രമാദിത്വം പുതിയ നേതാവിന് ഉണ്ടാകുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വിവിധ അഭിപ്രായങ്ങളുണ്ട്. രാജ്യം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, മൊജ്തബയുടെ ആരോഗ്യവും മാനസികാവസ്ഥയും ഇറാന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്നതില്‍ സംശയമില്ല.
ഇന്നലെ മൊജ്തബയുടേതായി ഒരു പ്രസ്താവന പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിനോടുള്ള സമീപനത്തില്‍ ഇറാന്‍ വലിയ തന്ത്രപരമായ മാറ്റത്തിനൊരുങ്ങുന്നുവെന്നായിരുന്നു അത്.
കടലിടുക്ക് കൈകാര്യം ചെയ്യുന്നതില്‍ രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മൊജ്തബ സ്റ്റേറ്റ് മീഡിയയിലൂടെ പ്രഖ്യാപിച്ചു.
യുദ്ധത്തില്‍ രാജ്യത്തിനുണ്ടായ ഓരോ നാശനഷ്ടങ്ങള്‍ക്കും ഇറാന്‍ നഷ്ടപരിഹാരം തേടുമെന്ന് ഖാംനഇ പറഞ്ഞു. ‘ഈ യുദ്ധത്തില്‍ ഉണ്ടായ ഓരോ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. രക്തസാക്ഷികളുടെ രക്തത്തിനും മുറിവേറ്റവര്‍ക്കും കൃത്യമായ വില നല്‍കണമെന്ന് ഞങ്ങള്‍ തീര്‍ച്ചയായും ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന കര്‍ശനമായ പ്രതിജ്ഞയും അദ്ദേഹം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഇറാന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും മൊജ്തബ ഖാംനഇ പറഞ്ഞിരുന്നു.
അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം വളരെ പരിമിതമാണ്. ഈ സാഹചര്യത്തില്‍ ഖാംനഇയുടെ പുതിയ പ്രഖ്യാപനം ആഗോള ഊര്‍ജ്ജ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Content Highlight: Iran’s new supreme leader has severe and disfiguring wounds, sources say