| Monday, 8th June 2026, 7:56 am

ഇറാന്റെ മിസൈല്‍ ആക്രമണം: തിരിച്ചടിക്കരുതെന്ന് നെതന്യാഹുവിനോട് ട്രംപ്; ഇസ്രഈലില്‍ അതീവ സുരക്ഷാ ചര്‍ച്ചകള്‍

ആദര്‍ശ് എം.കെ.

ടെല്‍ അവീവ്: ഇസ്രഈലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയും രാഷ്ട്രീയ നീക്കങ്ങളും. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും സെക്യൂരിറ്റി കാബിനറ്റ് അംഗങ്ങളുമായും അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നെതന്യാഹുവിന്റെ ഈ അടിയന്തര നീക്കം.

ഇറാന്റെ ആക്രമണത്തിന് ഉടനടി ഇസ്രഈല്‍ തിരിച്ചടി നല്‍കരുതെന്നും, നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാന്‍ ഏതാനും ദിവസങ്ങള്‍ കാത്തിരിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈലും ഇറാനും ഇതിനകം പരസ്പരം ആക്രമിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി മേലില്‍ ഒരു സൈനിക നീക്കം ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്.

വരും ദിവസങ്ങളില്‍ തന്നെ ഇറാനുമായി ഒരു അന്തിമ സമാധാന കരാറിലെത്താന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

തിങ്കള്‍, ചൊവ്വ അല്ലെങ്കില്‍ ബുധനാഴ്ചയോടെ തന്നെ ഇറാനുമായി ഒരു ഉടമ്പടി ഒപ്പിടാന്‍ സാധിക്കുമെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍, ഇരു നേതാക്കളും തമ്മില്‍ നടന്ന ഈ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

രാഷ്ട്രീയമായ അനുമതി ലഭിച്ചാല്‍ ഇറാനില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് സൈനിക വക്താവ് എഫി ഡെഫ്രിന്‍ അറിയിച്ചു.

ഇസ്രഈല്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ ഉന്നത കമാന്‍ഡര്‍മാരുമായി ചേര്‍ന്ന് നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ ഉടനടി ശത്രുവിന് മേല്‍ ശക്തമായ ആക്രമണം അഴിച്ചുവിടാന്‍ സൈന്യം സന്നദ്ധമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇറാന്‍ വടക്കന്‍ ഇസ്രഈലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ എട്ടിന് നിലവില്‍ വന്ന താത്കാലിക വെടിനിര്‍ത്തലിന് ശേഷം ഇറാന്‍ ഇസ്രഈലിന് നേരെ നടത്തുന്ന ആദ്യത്തെ പ്രധാന നേരിട്ടുള്ള മിസൈല്‍ ആക്രമണമാണിത്.

വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലെ തര്‍ക്കങ്ങള്‍ കാരണം ഇരുവിഭാഗവും തമ്മില്‍ മുന്‍പ് നടന്നിരുന്ന ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് മേഖല വീണ്ടും സായുധ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

Content Highlight: Iran’s missile attack: Trump tells Netanyahu not to retaliate

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more