ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അനിശ്ചിത കാലത്തേക്ക് തടയുകയാണെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ.ആര്‍.ഐബിയിലൂടെ ഐ.ആര്‍.ജി.സി അറിയിച്ചു.
കടലിടുക്ക് വഴി ഒരു കപ്പലിനും യാത്രചെയ്യാന്‍ അവകാശമുണ്ടാവില്ല. കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ക്ക് നേര്‍ക്ക് കടുത്ത നടപടിയുണ്ടാവുമെന്നും ഐ.ആര്‍.ജി.സി നാവിക സേനയുടെ പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ യു.എസ്. ഇടപെടല്‍ അവസാനിപ്പിക്കുന്നത് വരെ ഒരു കപ്പലിനെയും കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഹോര്‍മുസിലെ വിദേശ ഇടപെടലും കപ്പല്‍ പാത തുറക്കാനുള്ള നീക്കവും നിയമ വിരുദ്ധമാണെന്നും ഐ.ആര്‍.ജി.സി അഭിപ്രായപ്പെട്ടു. ഹോര്‍മുസുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കടലിടുക്ക് അടച്ചതിന്റെ പേരില്‍ ഇറാനെതിരെ പുതിയ ആക്രമണങ്ങളുണ്ടായാല്‍ അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഐ.ആര്‍.ജി.സി യു.എസിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം ആക്രമണമുണ്ടായാല്‍ മേഖലയില്‍ യു.എസിനുള്ള കൂടുതല്‍ സൈനിക താവളങ്ങള്‍ കൂടി ഇറാന്‍ സേന ലക്ഷ്യം വെക്കുമെന്നും ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറയുന്നു.
യു.എസ് അവരുടെ ഉറപ്പുകള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ തങ്ങള്‍ ധാരണാ പത്രത്തില്‍ നിന്ന് പുറത്ത് പോകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എന്നിലെ ഇറാന്‍ പ്രതിനിധി ആമിര്‍ സഈദ് ഇരവാനി ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. യു.എസ് അവരുടെ ഉറപ്പുകള്‍ ലംഘിച്ചാല്‍ ഇറാനും ഈ കരാര്‍ പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന കാര്യം പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ ഈ ആഴ്ചയിലെ മൂന്നാം ഘട്ട ആക്രമണം ആരംഭിക്കുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഒരു കപ്പലിന് നേര്‍ക്ക് ആക്രമണം നടത്തി. ഇതിനാലാണ് അവരെ ആക്രമിക്കുന്നതെന്നും സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഹോര്‍മുസിലൂടെ യാത്ര ചെയ്ത സൈപ്രസ് ഫ്‌ലാഗ് കാര്യറായ ജി.എഫ്.എസ് ഗാലക്‌സി എന്ന കപ്പലിന് നേര്‍ക്ക് ഇറാന്റെ ആക്രമണമുണ്ടായതായാണ് സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും അതിന് അവര്‍ വില നല്‍കേണ്ടി വരുമെന്ന് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗെത്തും പറഞ്ഞു. സെന്റ്‌കോമിന്റെ പ്രസ്താവന സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഹെഗെത്തിന്റെ പ്രതികരണം.
ഇറാനില്‍ വിവിധ നഗരങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ്, സിരിക്, ചബാഹാര്‍, ബന്ദര്‍ എ ദെയ്ര്‍, അസലുയെഹ് എന്നിവിടങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്.
ബന്ദര്‍ അബ്ബാസില്‍ മൂന്ന് തവണയും ചബാാഹാറില്‍ രണ്ട് തവണയും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ബന്ദര്‍ എ ദെയ്‌റില്‍ അഞ്ച് സ്‌ഫോടനങ്ങളും അസലുയെഹില്‍ നാല് സ്‌ഫോടനങ്ങളുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാനും ഇറാനും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മസ്‌കത്തില്‍ വച്ചായിരുന്നു ഒമാന്‍-ഇറാന്‍ പ്രതിനിധികളുടെ ചര്‍ച്ച. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഹോര്‍മുസിലെ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരാന്‍ ഒമാനും ഇറാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Iran’s IRGC says Strait of Hormuz closed ‘until further notice’