ടെഹ്‌റാൻ: ഇറാന്റെ കപ്പൽ തകർത്തതിന് മറുപടിയുമായി ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനിയായ ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.
‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, തങ്ങൾ ചെയ്തതോർത് അമേരിക്കയ്ക്ക് പശ്ചാത്തപിക്കേണ്ടി വരും,’ അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
ഇറാൻ തീരത്തുനിന്ന് 2000 മൈൽ അകലെ സമുദ്രമധ്യത്തിൽ അമേരിക്ക ഒരു ക്രൂരകൃത്യം ചെയ്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇറാന്റെ യുദ്ധകപ്പൽ തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇന്നലെ ( ബുധൻ ) അറിയിച്ചിരുന്നു.
ഇറാന്റെ കപ്പൽ തങ്ങളുടെ സമുദ്രതീരത്ത് തകർന്നതായി ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചിരുന്നു.
80 പേർ മരിച്ചതായും 32 പേരെ രക്ഷിച്ചതായും ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്ര അറിയിച്ചു. 61 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് .
ഐറിസ് ദേന എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞമാസം ഇന്ത്യയിൽ നടന്ന അന്താരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവെയായിരുന്നു ഈ ആക്രമണം.
ഇന്ത്യയുടെ അതിഥിയായിരുന്ന സമയത്താണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന ഇറാന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിട്ടുണ്ട്.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രഈലും സംയുകതമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ അടക്കം ഇറാന്റെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
അതേസമയം അമേരിക്കയുടെ 18000 കോടിയോളം വിലവരുന്ന സൈനീക ഉപകരണങ്ങൾ ഇറാന്റെ പ്രത്യാക്രമണത്തിൽ തകർത്തതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
ഇറാനെതിരായി തുടങ്ങിവെച്ച ആക്രമണം പശ്ചിമേഷ്യയിലാകെ വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 1000 ത്തിലധികം ഇറാൻ പൗരന്മാരും 50 ലെബനൻ പൗരന്മാരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
Content Highlight: Iran’s foreign minister vows US will ‘bitterly regret’ targeting its ship