| Tuesday, 4th August 2026, 7:35 am

യു.എസുമായി നേരിട്ട് ചര്‍ച്ചകളില്ല: 'അവസാന അവസര'മെന്ന് പറഞ്ഞ ട്രംപിനെ തള്ളി ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഹോര്‍മുസ് വിഷയത്തില്‍ യു.എസുമായി നേരിട്ടുള്ള ഒരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും അത്തരം ഒരു ചര്‍ച്ചകളും നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘെയി. നിലവില്‍ യു.എസും ഇറാനും തമ്മില്‍ ചര്‍ച്ചകളൊന്നും മുന്നോട്ട് പോകുന്നില്ല. ഇത്തരത്തില്‍ ഭാവിയില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടില്ലെന്നും ബാഘെയി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നതെന്നും ബാഘെയി പറഞ്ഞു. ഇറാനുമായി തിങ്കളാഴ്ചയോടെ നേരിട്ട് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ബാഘെയിയുടെ പ്രതികരണം.

ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അഞ്ച് മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിലേക്കെത്താന്‍ ഇറാനുള്ള അവസാനത്തെ അവസരമാണ് ഈ ചര്‍ച്ചകളെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു.

ഈ ചര്‍ച്ചയിലൂടെ കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ വലിയ രീതിയിലുള്ള വ്യോമാക്രമണം നടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ‘അവരുടെ തലവെട്ടുന്നത് മുമ്പ് അവര്‍ക്ക് എല്ലാ അവസാന അവസരവും താന്‍ നല്‍കും,’ എന്നും ഇറാനുമായുള്ള ചര്‍ച്ചയെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു.

ഇറാന്‍ അഭ്യര്‍ത്ഥിച്ചിട്ടാണ് ഇപ്പോള്‍ അവരുമായി ചര്‍ച്ച നടത്തുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്രംപ് അഭിപ്രായപ്പെട്ടു. ‘ഇപ്പോള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത് അവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ്. സൗദിയുടെയും യു.എ.ഇയുടെയും ഖത്തറിന്റെയും പിന്തുണയോടെയാണ് ചര്‍ച്ചകള്‍,’ ട്രംപ് പറഞ്ഞു.

ഹോര്‍മുസ് വിഷയത്തില്‍ ഒമാനുമായി മാത്രമേ നിലവില്‍ ചര്‍ച്ചകളുള്ളൂ എന്ന് ബാഘെയി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാനായി ഒരു മാര്‍ഗരേഖയിലേക്ക് എത്തിപ്പെടുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷിതമായ കപ്പല്‍പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തലാണ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഏറ്റവും ആവശ്യമുള്ള നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനെതിരായ യു.എസ് ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം ഹോര്‍മുസിലെ അവവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാവില്ലെന്നുെ ബാഘെയി വ്യക്തമാക്കി.

ഇറാനും ഒമാനുമായുള്ള അഭിപ്രായ ഭിന്നതകള്‍ കാരണമല്ല കടലിടുക്കിലെ കപ്പല്‍ ഗതാഗതം അടച്ചിട്ടത്. യു.എസും ഇസ്രഈലും നടത്തുന്ന ആക്രമണങ്ങള്‍ കാരണമാണ് ഹോര്‍മുസ് അടച്ചിടേണ്ടി വന്നതെന്നും ബാഘെയി ചൂണ്ടിക്കാട്ടി.

അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയന്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കാന്‍ ഇറാന്റെ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞതായി പ്രെസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘മേഖലയിലെ സംഘര്‍ഷാവസ്ഥയോ അസ്ഥിരതയോ രൂക്ഷമാക്കാന്‍ ഇസ് ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയും ദേശീയ താത്പര്യങ്ങളും ഭൂപരിധിയിലുള്ള അധികാരവും പ്രതിരോധിക്കാന്‍ ഇറാന്‍ അതിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കും,’ പെസെസ്‌കിയാന്‍ പറഞ്ഞു.

Content Highlight: Iran’s foreign minister denies talks with US

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more