ലണ്ടന്‍: ആരും പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിരോധ ശേഷിയുളള ഭരണകൂടമാണ് ഇറാന്റേതെന്ന് ബ്രിട്ടീഷ് വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ എം.എ സിക്‌സിന്റെ മുന്‍ മേധാവി.
ഇസ്രഈലുമായും യു.എസുമായുമുള്ള യുദ്ധത്തില്‍ ഇറാനാണ് മുന്‍കൈയെന്നും അലക്‌സ് യംഗര്‍ പറഞ്ഞു.
‘പ്രായോഗികമായി ഇറാന്‍ ഭരണകൂടം ആരും പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിരോധ ശേഷിയുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങള്‍ ഇറാനെ തകര്‍ക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്നും അമേരിക്കയ്ക്ക് യുദ്ധത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും യംഗര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ തന്നെ ഇറാന്‍ തങ്ങളുടെ സൈന്യത്തെ വിനിയോഗിക്കുന്നതിലും ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും ചില നല്ല തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും അത് പ്രതിരോധത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഊര്‍ജ്ജ യുദ്ധത്തിന്റെ പ്രാധാന്യം ഇറാന്‍ മനസിലാക്കുകയും ഹോര്‍മുസ് കടലിടുക്കിനെ ഭീഷണിയില്‍ നിര്‍ത്തുകയും സംഘര്‍ഷത്തെ ആഗോളവല്‍ക്കരിക്കുകയും ചെയ്തു,’അദ്ദേഹം പറഞ്ഞു.
ഇറാനികള്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തിലാണെന്നും എന്നാല്‍ അമേരിക്ക സ്വന്തം ഇഷ്ടപ്രകാരമുള്ള യുദ്ധത്തിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളെ ഉദ്ധരിച്ചുകൊണ്ട് യംഗ്‌സ് പറഞ്ഞു.
ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ കൃത്യയതയോടെയും പൂര്‍ണതയോടെയും നടപ്പിലാക്കിയ സൈനിക പ്രചാരണങ്ങളായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.
‘യു.എസിനും ഇസ്രഈലിനും മുന്നിലുള്ള ഓപ്ഷനുകള്‍ വളരെ പരിമിതമാണെന്നും മികച്ചതല്ലെന്നും ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍-യു.എസ് സംയുക്ത ആക്രമണം ആരംഭിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യു.എസിന്റെ സൈനിക താവളങ്ങൡലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങൡലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു.
നിലവില്‍ ട്രംപ് മേഖലയില്‍ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും വെടിനിര്‍ത്തല്‍ ഉപാധികള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.
ഇറാന്‍ ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ പരസ്യമായി അത് സമ്മതിക്കാന്‍ അവര്‍ക്ക് ഭയമാണെന്നും ട്രംപ് വാദിച്ചു. എന്നാല്‍ ഇത് ഇറാന്‍ തള്ളിയിട്ടുണ്ട്.
സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
നിലവില്‍, പ്രതിരോധത്തിന്റെ തുടര്‍ച്ചയാണ് ഞങ്ങളുടെ നയമെന്നാണ് അരാഗ്ചി സ്റ്റേറ്റ് ടിവിയില്‍ പ്രതികരിച്ചത്. അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നത് പരാജയം സമ്മതിക്കലാണ്. ഇറാന്‍ മുന്നോട്ടു വച്ച 5 നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഉപാധികള്‍ ഇറാന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ 5 നിബന്ധനകളാണ് മുന്നോട്ട് വച്ചത്.
ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
Content Highlight: Iran’s defense capabilities are beyond anyone’s expectations; War is not under US control: Former British intelligence chief