| Thursday, 26th March 2026, 4:16 pm

ഇറാന്റെ തിരിച്ചടിയില്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; ഹോട്ടലുകളില്‍ അഭയം തേടി അമേരിക്കന്‍ സൈന്യം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാന്റെ പ്രത്യാക്രമണത്തില്‍ സൈനിക താവളങ്ങള്‍ തകര്‍ന്നതോടെ, പശ്ചിമേഷ്യയിലെ യു.എസ് സേന ഹോട്ടലുകളിലേക്കും മറ്റ് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്കും പ്രവര്‍ത്തനം മാറ്റിയതായി പെന്റഗണ്‍.

മേഖലകളിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബോംബാക്രമണങ്ങളെത്തുടര്‍ന്ന് ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് തങ്ങളുടെ താവളങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതായി പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സൈനികര്‍ ഇപ്പോള്‍ ഹോട്ടലുകളിലും ഓഫീസ് കെട്ടിടങ്ങളിലും മറ്റ് താത്ക്കാലിക കേന്ദ്രങ്ങളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ കുവൈറ്റിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പ്രധാന യു.എസ് താവളങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കുവൈറ്റിലെ പോര്‍ട്ട് ഷുഐബയില്‍ നടന്ന ആക്രമണത്തില്‍ ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും തന്ത്രപരമായ ഇവിടുത്തെ സൈനിക കേന്ദ്രം പൂര്‍ണ്ണമായും തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

അലി അല്‍ സലേം, ക്യാമ്പ് ബ്യൂഹ്റിംഗ്, അല്‍ ഉദൈദ്, പ്രിന്‍സ് സുല്‍ത്താന്‍ തുടങ്ങിയ താവളങ്ങളിലെ യു.എസ് വിമാനങ്ങള്‍, ഇന്ധന ശേഖരം, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചെന്നും പല താവളങ്ങളും നിലവില്‍ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധവിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരും ക്രൂ അംഗങ്ങളും ഒഴികെയുള്ള കരസേനയിലെ ഭൂരിഭാഗം പേരും ഇപ്പോള്‍ താത്ക്കാലിക കേന്ദ്രങ്ങളില്‍ നിന്നാണ് യുദ്ധത്തില്‍ പങ്കാളികളാകുന്നത്. ഇതിനെ ‘അള്‍ട്ടര്‍നേറ്റീവ് സൈറ്റുകള്‍’ എന്നാണ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്.

ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ യുദ്ധസജ്ജീകരണങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘എല്ലാ സൈനിക ഉപകരണങ്ങളും ഒരു ഹോട്ടലിന്റെ മുകളില്‍ സ്ഥാപിക്കാന്‍ കഴിയില്ല, ഇത് പ്രവര്‍ത്തനക്ഷമതയെ ബാധിക്കും,’ വിരമിച്ച യു.എസ് എയര്‍ഫോഴ്‌സ് മാസ്റ്റര്‍ സര്‍ജന്റ് വെസ് ജെ. ബ്രയാന്റ് പറഞ്ഞു.

യുദ്ധം ആരംഭിക്കുമ്പോള്‍ മേഖലയില്‍ ഏകദേശം 40,000 യു.എസ് സൈനികര്‍ ഉണ്ടായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡ് ഇവരില്‍ ആയിരക്കണക്കിന് പേരെ യൂറോപ്പിലേക്ക് വരെ മാറ്റിയിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം സൈനികരും ഇപ്പോഴും പശ്ചിമേഷ്യയില്‍ തന്നെയുണ്ട്, പക്ഷേ അവര്‍ തങ്ങളുടെ പഴയ സൈനിക താവളങ്ങളിലല്ല ഉള്ളത്, ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഇറാനിലെ 7,000-ത്തിലധികം സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.

‘ഇന്നലത്തെപ്പോലെ തന്നെ ഇന്നും ഏറ്റവും ശക്തമായ ആക്രമണമായിരിക്കും നടപ്പിലാക്കുക,’ അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്രയധികം ആക്രമണങ്ങള്‍ നടത്തിയിട്ടും മേഖലയില്‍ തിരിച്ചടി നല്‍കാനുള്ള ശേഷി ഇറാന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ സമ്മതിച്ചു.

അതേസമയം യു.എസ് കേന്ദ്രങ്ങളില്‍ നിന്നും മാറി മറ്റിടങ്ങളില്‍ അഭയം തേടുന്ന അമേരിക്കന്‍ സൈനികരെ കണ്ടെത്താന്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സാധാരണ ജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

‘അമേരിക്കന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്,’ എന്നാണ് ഐ.ആര്‍.ജി.സി സിവിലിയന്മാരോട് ആഹ്വാനം ചെയ്തത്. സൈനികരുടെ പുതിയ താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ടെലിഗ്രാം വഴി കൈമാറാനാണ് നിര്‍ദേശം.

ഫെബ്രുവരി 28 ന് യു.എസും ഇസ്രഈലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 1,340ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയും ഉള്‍പ്പെടുന്നു.

ഇസ്രഈല്‍, ജോര്‍ദാന്‍, ഇറാഖ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക ആസ്തികളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം ആഗോള എണ്ണ വിപണിയെയും വ്യോമയാന മേഖലയെയും വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.

Content Highlight: Iran’s Attacks Force U.S. Troops to Work Remotely NYT report

We use cookies to give you the best possible experience. Learn more