ടെഹ്റാന്: കുവൈറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്. ഇക്കാര്യം താന്‍ കുവൈറ്റ് വിദേശകാര്യ മന്ത്രിക്ക് ഉറപ്പുനല്‍കിയതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സംഭവത്തില്‍ സംയുക്ത അന്വേഷണം നടത്താന്‍ ഇറാന് തയ്യാറാണെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായും കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍-അഹ്മദ് അല്‍-സബാഹുമായും താന്‍ പ്രത്യേകം സംസാരിച്ചു. ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ടതില്‍ താന്‍ അനുശോചനം രേഖപ്പെടുത്തിയെന്നും അരാഗ്ചി പറഞ്ഞു.
‘ഈ സംഭവം സംശയാസ്പദമാണ്. ഇതൊരു യുദ്ധത്തിലേക്ക് നയിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ തോന്നിക്കുന്നു. ഇങ്ങനെ സംഭവിക്കാനുള്ള കാരണം കണ്ടെത്തുന്നതിനായി കുവൈറ്റുമായും ഇറ്റലിയുമായും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അരാഗ്ചി വ്യക്തമാക്കി.
ഡ്രോണ്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ അരാഗ്ചി പൂര്‍ണമായും നിഷേധിച്ചതായി ഇറാന് വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി അരാഗ്ചി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റിന്റെ ആരോപണങ്ങള്‍ സായുധ സേനാ വക്താവ് അബോല്ഫസ്ല് ഷെകാര്‍ച്ചി വക്താവ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചിയുടെ പരാമര്‍ശങ്ങള്‍ വന്നത്. ആക്രമണം തങ്ങളല്ല നടത്തിയതെന്ന് ഷെകാര്‍ച്ചി പറഞ്ഞിരുന്നു. ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ഇറാന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഫോള്‍സ് ഫ്ലാഗ് ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തങ്ങളുടെ സായുധ സേന ഈ മേഖലയില്‍ സൈനിക നടപടികളോ ആക്രമണങ്ങളോ നടത്തിയിട്ടില്ലെന്ന് ഇറാന് സൈന്യവും പ്രതികരിച്ചിരുന്നു. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് വ്യാഴാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ചയാണ് കുവൈറ്റില്‍ ആക്രമണം നടന്നതായി കുവൈറ്റ് സൈന്യം അറിയിച്ചത്. ശത്രുതാപരമായ നിരവധി ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും, ഇറാന് നടത്തിയതെന്ന് കരുതപ്പെടുന്ന ആക്രമണത്തില്‍ ഒരു പ്രധാന കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ആളപായവും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്തതായി കുവൈറ്റ് സൈന്യം അറിയിച്ചിരുന്നു.
ആക്രമണത്തില്‍ ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് ഇറ്റാലിയന്‍ പൗരന്മാരും ഒരു കുവൈറ്റിയും ഒരു പാകിസ്ഥാനിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് പരിക്കേറ്റ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും മരിച്ചതായി പിന്നീട് കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.
ഇറാന്റെ ആക്രമണത്തിലാണ് തങ്ങളുടെ പൗരന്മാര് കൊല്ലപ്പെട്ടതെന്ന് ഇറ്റാലിയന്‍ മന്ത്രി അന്റോണിയോ തജാനി സെനറ്റില്‍ പറഞ്ഞിരുന്നു. റൈന്‍മെറ്റല്‍ ഇറ്റാലിയ എന്ന കമ്പനിയിലെ രണ്ട് സാങ്കേതിക വിദഗ്ധര്‍ കുവൈറ്റിലെ ഒരു വ്യോമ പ്രതിരോധ നിരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇറാനിയന്‍ ഡ്രോണുകളുടെ ആക്രമണത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു.
‘കുവൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ശക്തമായ സ്ഫോടനത്തെത്തുടര്‍ന്ന് നമ്മുടെ രണ്ട് പൗരന്മാരും മരണമടഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; അതിലൊരാള്‍ പാകിസ്ഥാന് പൗരനും മറ്റൊരാള്‍ കുവൈറ്റ് സൈന്യത്തിലെ ക്യാപ്റ്റനുമാണ്,’ തജാനി പറഞ്ഞു.
അതേസമയം, ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂണിയന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന് ആവശ്യപ്പെട്ടു. ‘ഗള്‍ഫ് മേഖലയിലെ അയല്‍രാജ്യങ്ങള്‍ക്കും നമ്മുടെ പങ്കാളികള്‍ക്കും നേരെ നടക്കുന്ന, അംഗീകരിക്കാനാവാത്ത ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാനുമേല്‍ നാം സമ്മര്‍ദ്ദം ശക്തമാക്കണം. ഗള്‍ഫ് മേഖലയിലെ സുരക്ഷ എന്നത് നമ്മളെല്ലാവരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ സംഭവങ്ങള്‍,’ വോണ്‍ ഡെര്‍ ലെയന് എക്സ് പോസ്റ്റില്‍ കുറിച്ചു.
Content Highlight: Iran’s Araghchi says Tehran was not behind drone attack, offers joint probe