ടെല്‍ അവീവ്: നതാന്‍സ് ആണവ കേന്ദ്രത്തിന് സമീപം ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇറാന്റെ മറുപടി. ഇറാന്റെ വ്യോമാക്രമണത്തില്‍ ഇസ്രഈലിലെ ആറാഡ്, ഡിമോണ തുടങ്ങിയ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ പട്ടണങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.
ആറാഡില്‍ കുറഞ്ഞത് 88 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഡിമോണയില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ഇവിടെ പരിക്കേറ്റ 10 വയസുകാരന്റെ നില ഗുരുതരമാണെന്ന് പാരാമെഡിക്കുകള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഡിമോണയിലും ആറാഡിലും നടന്ന വ്യോമാക്രമമങ്ങള്‍ തടയുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടുവെന്ന് ഇസ്രഈല്‍ അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ രണ്ട് തവണ ആക്രമിച്ചതായാണ് ഇസ്രഈലിന്റെ വിശദീകരണം.
പ്രതിരോധം ശക്തമായിരുന്നെന്നും എന്നാല്‍, ഇറാന്റെ മിസൈലുകളെ തടയാനായില്ലെന്ന് ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.
അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറാന്റെത് യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ കുട്ടികളുള്‍പ്പെടെ സാധാരണക്കാര്‍ക്കാണ് പരിക്കേറ്റത്. ഇത് ഭീകരവാദമാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു.
ആക്രമണങ്ങളെ അപലപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസ്താവനയിറക്കി. ഇസ്രഈലിന് ഇത് ദുഷ്‌കരമായ സായാഹ്നമാണെന്നും പൗരന്മാരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിമോണയില്‍ സ്ഥിതി ചെയ്യുന്ന ഷിമോണ്‍ പെരസ് നെഗേവ് ആണവ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്ത് ആണവവികിരണം കണ്ടെത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി പ്രതികരിച്ചു. ഇറാന്റെ ആക്രമണം ഭയന്ന് റാമത് നെഗേവ് റീജിയണല്‍ കൗണ്‍സിലിന് ചുറ്റുമുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ കടുത്ത പ്രത്യാക്രമണം ഇത്രയേറെ നാശനഷ്ടങ്ങള്‍ ഇസ്രഈലിലുണ്ടാക്കുന്നത് ഇതാദ്യമായാണെന്നാണ് ഇസ്രഈല്‍ തുറന്നുസമ്മതിച്ചു. 4000 കിലോമീറ്റര്‍ വരെ ഇറാന്റെ മിസൈലിന് സഞ്ചരിക്കാന്‍ സാധിക്കുന്നുണ്ട്. അത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ലെന്നും യൂറോപ്പിലും ആഫ്രിക്കയിലുമടക്കം ഇറാന്റെ മിസൈല്‍ എത്തിയേക്കാമെന്നും ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ നിരവധി റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഡിമോണയില്‍ മൂന്ന് നിലക്കെട്ടിടമുള്‍പ്പെടെയാണ് തകര്‍ന്നു.വീണിരിക്കുന്നത്. നിരവധി സ്ഥലത്ത് തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി നടത്തുന്ന ആക്രമണത്തില്‍ 200ലധികം കുട്ടികളും 1500ലേറെ പൗരന്മാരും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാവിലെ ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തിന് സമീപത്ത് ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയിലാണ് ഇസ്രഈലിന്റെ പ്രധാനപ്പെട്ട ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണയിലടക്കം ഇറാന്‍ ആക്രമണം അഴിച്ചുവിട്ടത്.
അതേസമയം, കഴിഞ്ഞദിവസം വരെ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ആക്രമണത്തിന് പിന്നാലെ നിലപാട് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലിനായി യു.എസും ഇസ്രഈലും ശ്രമങ്ങള്‍ ആരംഭിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്റെ പ്രതിനിധികളായ ജൈറെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും ഖത്തര്‍ ഈജിപ്ത്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.
ഹോര്‍മുസ് കടലിടുക്ക് തുറക്കുക,അഞ്ച് വര്‍ഷത്തേക്ക് മിസൈല്‍ പദ്ധതിയോ പരീക്ഷണമോ പാടില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാാനിപ്പിക്കുക, ആണവ റിയാക്ടറുകള്‍ റദ്ദാക്കുക, മിസൈലുകളുടെ പരിധി 1000 ല്‍ താഴെയായി നിശ്ചയിക്കുക, ഹിസ്ബുല്ല, ഹൂതികള്‍, ഹമാസ് തുടങ്ങിയവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക തുടങ്ങിയവയായിരിക്കും യു.എസ് മുന്നോട്ടുവെക്കുന്ന ഉപാധികള്‍.
എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം സാധാരണ നിലയിലാക്കാന്‍ യു.എസും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും ഭാവിയില്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെടാനാണ് സാധ്യത.
Content Highlight: Iran retaliates against Natanz nuclear facilities; Over 100 injured; Israel calls it a war crime; US attempts ceasefire